ചൊവ്വാഴ്ച യാംബുവിൽ രേഖപ്പെടുത്തിയത് ആഗോളതലത്തിലെ ഏറ്റവും ഉയർന്ന താപനില

യാംബു: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ്​ വരെ ചൂട്​ ഉയർന്നു. പടിഞ്ഞാറൻ മേഖലയിലെ യാംബുവിൽ രേഖപ്പെടുത്തിയ 46 ഡിഗ്രി സെൽഷ്യസ് ആഗോള വ്യാപകമായി 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണെന്ന്​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

മക്കയിലെ അറഫയിൽ രേഖപ്പെടുത്തിയ 44 ഡിഗ്രി, താപനിലയിൽ അഞ്ചാം സ്ഥാനത്താണ്​. ലോകത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ പട്ടികയിൽ യാംബു ഒന്നാമത് എത്തിയത്​ ഏറെ ആശ്ചര്യമുണ്ടാക്കിയെന്ന്​ അൽഖസീം സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രഫസർ അബ്​ദുല്ല അൽമിസ്‌നദ് പ്രാദേശിക പത്രത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.

പടിഞ്ഞാറൻ മേഖലയിലുള്ള ഉപരിതലത്തിലുള്ള കാറ്റി​െൻറ വ്യതിയാനമാണ് പൊതുവെ മിതമായ കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്ന യാംബുവിൽ കൂടിയ ചൂട് രേഖപ്പെടുത്താൻ ഇടയാക്കിയതെന്ന്​ കരുതുന്നതായി അദ്ദേഹം പറഞ്ഞു. വരണ്ട കാലാവസ്ഥയാണ് സൗദിയുടെ പ്രധാനഭാഗങ്ങളിൽ. ഖമീസ് മുശൈത്ത്, അബഹ, ബിഷ തുടങ്ങിയ പ്രദേശങ്ങളിലാണ് സൗദിയിൽ സാധാരണ കൂടിയ താപനില രേഖപ്പെടുത്താറുള്ളത്​.

കഠിന ചൂടുള്ള പ്രദേശങ്ങളിൽ പുറംജോലികളിൽ മാസങ്ങൾക്ക്​ മുമ്പ്​ തന്നെ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംഭവിക്കാവുന്ന ആരോഗ്യ പ്രശ്ങ്ങളിൽ നിന്നും സുരക്ഷ നേടാൻ എല്ലാവരും ജാഗ്രതാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്​ധർ മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.