ജിദ്ദ: ഒരു ഉംറ നിർവഹിച്ച ശേഷം മറ്റൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്. എന്നാൽ, രണ്ടാമത്തെ ഉംറക്ക് 14 ദിവസം കാത്തിരിക്കണം. ഉംറ ബുക്ക് ചെയ്യാനുള്ള 'ഇഅ്തമർനാ'ആപ് നിലിവൽ ആപ്പിൾ സ്റ്റോറിൽ മാത്രമാണ് ലഭിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോേട്ടാകോളുകൾ പാലിച്ച് എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകുന്നതിനുവേണ്ടിയാണ് ഒരു ഉംറക്കുശേഷം രണ്ടാമത്തെ ഉംറക്ക് 14 ദിവസത്തെ കാലാവധി നിശ്ചയിച്ചതെന്ന് മന്ത്രാലയ ചീഫ്- പ്ലാനിങ്, സ്ട്രാറ്റജി ഒാഫിസർ ഡോ. അംറ് അൽമദയ വ്യക്തമാക്കി. ഇൗ വർഷത്തെ ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും.
ഇതുവരെ 35,000 പേർ ഉംറക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യ പെരുമാറ്റച്ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായിരിക്കും ഉംറക്ക് അനുമതി നൽകുക. ആദ്യഘട്ടത്തിൽ ഉംറ നിർവഹിക്കാൻ ഒരുദിവസം ആറു സമയങ്ങളാണ് നിശ്ചയിച്ചത്. ഒാരോ തീർഥാടകനും മൂന്നു മണിക്കൂർ അനുവദിക്കും. സൂര്യാസ്തമയത്തിനും രാത്രി നമസ്കാരങ്ങൾക്കുമിടയിൽ തീർഥാടകരെ ഉംറ നടത്താൻ അനുവദിക്കില്ല. പകരം ഇൗ സമയം ശുചീകരണ അണുവിമുക്തമാക്കൽ ജോലികൾക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അർധ രാത്രിയാണ് ഉംറ നിർവഹണം ആരംഭിക്കുക. ഒാരോ സംഘവും വരുന്നതിനുമുമ്പ് ഹറം അണുവിമുക്തമാക്കും. ഒാരോ ഗ്രൂപ്പിലും സൂപ്പർവൈസർമാരുണ്ടായിരിക്കും. തീർഥാടകർ സാമൂഹിക അകലം പാലിക്കുക, സമയക്രമം തെറ്റാതിരിക്കുക തുടങ്ങിയവ സൂപ്പർവൈസർമാർ ഉറപ്പുവരുത്തും. കോവിഡ് സാധ്യത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഹറമിനടുത്ത ഹോട്ടലുകളിൽ റൂമുകൾ ലഭ്യമാക്കും. ആദ്യഘട്ടം വിലയിരുത്തിയും പോരായ്മകൾ പരിഹരിച്ചുമായിരിക്കും രണ്ടാഴ്ചക്കുശേഷം രണ്ടാംഘട്ടം ആംഭിക്കുക.
ലോക മുസ്ലിംകളുടെ ആരോഗ്യസുരക്ഷക്ക് ഹജ്ജ്, ഉംറ സീസണുകളിൽ രാജ്യം വലിയ ജാഗ്രതയാണ് കാണിക്കുന്നത്. പ്രത്യേക സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്ക് അനുസൃതമായി തീർഥാടനം എളുപ്പത്തിലും സമാധാനത്തിലും നടത്താൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടവും ഫീഡ്ബാക്ക് വിലയിരുത്തിയും പോരായ്മകൾ പരിഹരിച്ചുമായിരിക്കും ആരംഭിക്കുക. ഉംറ ആപ്ലിക്കേഷൻ നേരത്തേ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, ആൻേഡ്രായിഡ് പോളിസികൾ കാരണം വൈകുകയായിരുന്നു. ഒരേ സമയം ആപ്പിളിനും ആൻഡ്രോയിഡിനും ആപ്ലിക്കേഷൻ അവതരിപ്പിച്ചുവെങ്കിലും ആപ്പിൾ നേരത്തേ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.