റിയാദ്: രാവേറെ നീണ്ടുനിന്ന ഫുട്ബാൾ ലഹരിയുടെ വീറുറ്റ പോരാട്ട നിമിഷങ്ങൾ പുറത്തെടുത്ത യൂത്ത് ഇന്ത്യ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭ തുടക്കം. ആദ്യ ദിനത്തിൽ നടന്ന കളികളിൽനിന്ന് എട്ടു ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് അർഹത നേടി. 16 ടീമുകൾ ഏറ്റുമുട്ടിയ ആദ്യ റൗണ്ടിൽ രണ്ടു ഗോൾ ലീഡ് ചെയ്ത റെയിൻബോ എഫ്.സിയെ സ്പോർട്ടിങ് എഫ്.സി 3-2 ന് പരാജയപ്പെടുത്തി. സുധീഷിന്റെ മൂന്നു ഗോൾ മികവിൽ റോയൽ ഫോക്കസ് ലൈൻ എതിരില്ലാത്ത നാലു ഗോളുകൾക്ക് റോയൽ ബ്രദേഴ്സ് കാളികാവിനെ തോൽപിച്ചു.
പ്രവാസി സോക്കർ സ്പോർട്ടിങ്, സുലൈ എഫ്.സി മത്സരം ഓരോ ഗോളുകളടിച്ച് സമനില പാലിച്ചതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ (4-2) പ്രവാസി സോക്കർ വിജയം വരിച്ചു. തുടർന്നുനടന്ന അസീസിയ സോക്കർ മൻസൂർ റബീഅ മത്സരത്തിൽ 3-2ന് അസീസിയയും അതേ സ്കോറിന് റിയാദ് ബ്ലാസ്റ്റേഴ്സ്, ഷൂട്ടേഴ്സ് കേരളയെയും പരാജയപ്പെടുത്തി. ഗോൾവർഷമായി മാറിയ റിയൽ കേരള റെഡ് സ്റ്റാർ മത്സരത്തിൽ 5-2 ന് റിയൽ കേരള ആധിപത്യം നേടി.
ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് 3-1 ന് ബ്ലാക് ആൻഡ് വൈറ്റ് റിയാദിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.
ഹാഫിസ് ബഷീർ വാഴക്കാട് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.
ടൂർണമെൻറ് ഉദ്ഘാടന ചടങ്ങിൽ ടൂർണമെൻറിന്റെ മുഖ്യ പ്രായോജകരായ നൂറാന മെഡിക്കൽ സെൻറർ ജനറൽ മാനേജർ ഫാഹിദ് നീലാഞ്ചേരി, റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സൈഫു കരുളായി, ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട്, യൂത്ത് ഇന്ത്യ പ്രസിഡൻറ് അഷ്ഫാഖ് കക്കോടി, തനിമ പ്രസിഡൻറുമാരായ താജുദ്ദീൻ ഓമശ്ശേരി, തൗഫീഖ് റഹ്മാൻ, ഗൾഫ് മാധ്യമം ഓപറേഷൻ മാനേജർ സലീം മാഹി, ടൂർണമെൻറ് കമ്മിറ്റി കൺവീനർ നബീൽ പാഴൂർ, യൂത്ത് ഇന്ത്യ നേതാക്കൾ, റിഫ ഭാരവാഹികൾ, പ്രായോജകർ എന്നിവർ പങ്കെടുത്തു. ഫൈസൽ കൊല്ലം, റിയാസ്, അഹ്ഫാൻ, ബാസിത്, ആഷിക് പരപ്പനങ്ങാടി, ഷംസു ചേളാരി, നഷീദ്, മുഹമ്മദലി വളാഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.