റിയാദ്: റഷ്യ തുടക്കം കുറിച്ച യുദ്ധംമൂലം കടുത്ത പ്രതിസന്ധിയിലായ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി തന്റെ രാജ്യത്തിന് പിന്തുണ തേടി ജിദ്ദയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ. വെള്ളിയാഴ്ച ആരംഭിച്ച അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിന്റെ വിമാനത്തിലാണ് സെലൻസ്കി ജിദ്ദയിലിറങ്ങിയത്. ഉദ്ഘാടന സെഷനിൽതന്നെ ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ അവസരം ലഭിച്ച യുക്രെയ്ൻ പ്രസിഡന്റ്, റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെയും സമാധാന സംരംഭത്തെയും പിന്തുണക്കാൻ അറബ് രാജ്യങ്ങളോട് അഭ്യർഥിച്ചു.
10 ഉപാധികളടങ്ങിയ സമാധാന പദ്ധതിയിലെ ഓരോ വ്യവസ്ഥയും ഉച്ചകോടി പ്രതിനിധികൾക്ക് ലഭ്യമാക്കാമെന്നു പറഞ്ഞ സെലൻസ്കി, യുദ്ധം അവസാനിപ്പിച്ച് തന്റെ രാജ്യത്ത് സമാധാനം സ്ഥാപിക്കുന്ന കാര്യത്തിൽ യുക്രെയ്നുമായി ചേർന്നുനിൽക്കാൻ അറബ് നേതാക്കളോട് അഭ്യർഥിച്ചു.
എതിരാളി കൈവശംവെച്ച മിസൈലുകൾ ഞങ്ങളുടെ പക്കലില്ല. തത്തുല്യമായ വ്യോമശേഷിയുമില്ല, ശത്രുവിന്റെ കഴിവുകളുമില്ല. സത്യം ഞങ്ങളുടെ പക്ഷത്താണെന്ന ബോധ്യത്തിലുള്ള കരുത്തിലാണ് പിടിച്ചുനിൽക്കുന്നത് -വികാരനിർഭരമായ വാക്കുകളിൽ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭൂമിയിൽനിന്ന് അധിനിവേശക്കാരെ തുരത്താനാണ് ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.
യുക്രെയ്ൻകാർ ഒരിക്കലും യുദ്ധത്തിന്റെ പാത തിരഞ്ഞെടുത്തിട്ടില്ല. ഞങ്ങളുടെ സൈന്യം യുക്രെയ്ന്റേതല്ലാത്ത മറ്റു പ്രദേശങ്ങളിലേക്ക് കടന്നുകയറിയിട്ടില്ല. മറ്റുള്ളവരുടെ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. അഭിമാനം അടിയറവെച്ച് ഒരിക്കലും ഒരു വിദേശ രാജ്യത്തിനോ മറ്റൊരു ശക്തിക്കോ കീഴടങ്ങില്ല, ഞങ്ങൾ പോരാട്ടം തുടരും -അദ്ദേഹം നിലപാട് വ്യക്തമാക്കി.
റഷ്യൻ ജയിലറകൾക്കുള്ളിൽനിന്ന് ആളുകളെ മോചിപ്പിക്കുന്നതിൽ ഒന്നിച്ചുനിൽക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നു പറഞ്ഞ സെലൻസ്കി, സമാധാന വ്യവസ്ഥ നടപ്പാക്കുന്നതിനും ശത്രുതയും പോരാട്ടവും കഷ്ടപ്പാടുകളും തിന്മകളും കുറക്കുന്നതിന് ഒപ്പം നിൽക്കാനും സമാധാനത്തെ ബഹുമാനിക്കുന്ന അറബ് രാഷ്ട്രങ്ങളെ സ്വാഗതം ചെയ്തു. ‘‘യഥാർഥത്തിൽ റഷ്യ ദുർബലമാണ്. അവരുടെ കൈയിൽ കൂടുതൽ ആയുധങ്ങൾ ഉണ്ടായിരിക്കെയാണ് ഞങ്ങൾ അവരെ ചെറുത്തത്. ആക്രമണാത്മക സാമ്രാജ്യങ്ങളുടെ കാലം കഴിഞ്ഞെന്ന് റഷ്യ മനസ്സിലാക്കണം’’-അദ്ദേഹം ഓർമിപ്പിച്ചു.
സൗദി അറേബ്യയുടെ ക്ഷണപ്രകാരമാണ് യുക്രെയ്ൻ പ്രസിഡന്റ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള സെലൻസ്കിയുടെ ആദ്യ സന്ദർശനമാണിത്. റഷ്യ തടവിലാക്കിയവരെ സുരക്ഷിതമായി മോചിപ്പിക്കാൻ സഹായിച്ചതിന് സൗദി അറേബ്യയോട് നന്ദി പറഞ്ഞ അദ്ദേഹം യുക്രെയ്നിയൻ മുസ്ലിം സമൂഹത്തിന് സംരക്ഷണം നൽകാനുള്ള ശ്രമങ്ങളിലേർപ്പെടാൻ ആഹ്വാനം ചെയ്തു. 2014ൽ റഷ്യ പിടിച്ചെടുത്ത ക്രീമിയ പെനിൻസുലയിലെ മുസ്ലിം സമൂഹത്തെ കുറിച്ചായിരുന്നു പരാമർശം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ നേരത്തേ റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചിരുന്നു. റഷ്യക്കും യുക്രെയ്നും ഇടയിലുള്ള മധ്യസ്ഥശ്രമങ്ങൾ തുടരാനും സുരക്ഷ കൈവരിക്കുന്നതിന് സഹായിക്കുന്ന വിധത്തിൽ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.