ഷാർജ: താമസ കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്ന് സാധനങ്ങൾ റോഡിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞ യുവാവിനെ ഷാർജ പൊലീസ് അറസ്റ്റു ചെയ്തു. നൈജീരിയൻ പൗരനായ 32കാരനാണ് അറസ്റ്റിലായത്. ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. എട്ട് മണിയോടെ ഇയാൾ ജനൽ വഴി താഴേക്ക് ചാടാൻ പോകുന്നുവെന്ന് ഭാവിക്കുകയും ഗ്ലാസ് ഐറ്റങ്ങൾ ഉൾപ്പെടെ റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. കൂടാതെ അലറി വിളിച്ച് കൊണ്ട് വെള്ളക്കുപ്പികളും പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഇയാളുടെ പ്രവൃത്തിമൂലം കാൽനട യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളാണ് ഷാർജ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരെ നാഷനൽ ആംബുലൻസ് ടീം പരിചരിച്ചതായി ഷാർജ പൊലീസ് അറിയിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. യുവാവിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. നൈജീരിയൻ യുവാവും ഭാര്യയും മക്കളും ഉൾപ്പെടെ മൂന്ന് കുടുംബങ്ങളാണ് ഈ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്. നിയമവിരുദ്ധമായി ഒരു അപ്പാർട്ട്മെന്റിൽ ഒന്നിലധികം കുടുംബങ്ങളെ വാടകക്ക് താമസിപ്പിച്ച ഭൂവുടമക്കെതിരെയും പൊലീസ് കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.