രാജ്യ സ്നേഹത്തിന്‍െറ നിറവില്‍  ദേശീയ ദിനാഘോഷം

അബൂദബി: ദേശസ്നേഹവും രാജ്യത്തോടുള്ള കൂറും ഉയര്‍ത്തിപ്പിടിച്ച് സ്വദേശി- പ്രവാസി സമൂഹങ്ങള്‍ യു.എ.ഇയുടെ 44ാം ദേശീയ ദിനം ആഘോഷിച്ചു. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലെ എംബസികളിലും ദേശീയദിനാഘോഷം നടന്നു. അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍ എന്നീ ഏഴ് എമിറേറ്റുകളിലും വൈവിധ്യപൂര്‍ണമായ പരിപാടികളോടെയാണ് ആഘോഷം നടന്നത്. സൈക്കിള്‍ റാലികളും അല്‍ഫുര്‍സാന്‍ സംഘത്തിന്‍െറ വ്യോമാഭ്യാസ പ്രകടനവും കുതിര സവാരിയും അലംകൃത വാഹന പരേഡുകളും വള്ളംകളിയും ഒട്ടക ഓട്ടങ്ങളും ഫാല്‍ക്കണ്‍ പ്രദര്‍ശനങ്ങളും അടക്കം വിവിധ പരിപാടികളാണ് നടന്നത്. രാജ്യത്തെ പ്രവാസി സമൂഹവും ജീവിതം നല്‍കിയ നാടിന്‍െറ ദേശീയ ദിനാഘോഷത്തില്‍ സജീവമായി പങ്കാളികളായി. വിവിധ പ്രവാസികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 
അബൂദബിയില്‍ സായിദ് ്സ്പോര്‍ട്സ് സിറ്റി, കോര്‍ണിഷ്, അല്‍ വത്ബയിലെ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍ നഗരി എന്നിവിടങ്ങളിലായാണ് പ്രധാനമായും ആഘോഷം പരിപാടികള്‍ നടന്നത്. ബുധനാഴ്ച വൈകുന്നേരം സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഒൗദ്യോഗിക ആഘോഷ പരിപാടിയില്‍ സ്വദേശികളും പ്രവാസികളും അടക്കം നിരവധി പേരാണ് പങ്കെടുത്തത്. കോര്‍ണിഷിലും അല്‍ വത്ബയിലും ബുധനാഴ്ചയും ആഘോഷ പരിപാടികള്‍ നടക്കും.  യാസ് ഐലന്‍റിലെ ഡു ഫോറത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മുതലാണ് അലംകൃത വാഹന പരേഡ് നടക്കുക. 
ഷാര്‍ജ: അന്നമൂട്ടുന്ന നാടിന്‍െറ 44ാമത് ദേശീയ ദിനാഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ പ്രവാസികള്‍ കൂടി പുറത്തിറങ്ങിയതോടെ നാടാകെ ചതുര്‍വര്‍ണ പ്രഭയില്‍ ആറാടി. അവധി ആഘോഷമാക്കാന്‍ ഉദ്യാനങ്ങളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആയിരങ്ങളാണ് ഷാര്‍ജ അല്‍ ജുബൈല്‍ ബസ് കേന്ദ്രത്തിലത്തെിയത്. തിരക്ക് മുന്‍ കൂട്ടി മനസ്സിലാക്കി ഗതാഗത വിഭാഗം കൂടുതല്‍ ബസുകളും ട്രിപ്പുകളും ഏര്‍പ്പെടുത്തിയിരുന്നു. അല്‍ ജുബൈലില്‍ ദേശീയദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ മാര്‍ക്കറ്റ് സമുച്ചയത്തിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 
തിരക്ക് കണക്കിലെടുത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ജാഗ്രത പാലിച്ചു. റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ കസര്‍ത്തുകള്‍ കുറവായിരുന്നു. യാത്രക്കാരുടെ ദേഹത്തേക്ക് വര്‍ണങ്ങള്‍ തെളിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പലയിടത്തും ഇത് ലംഘിക്കപ്പെടുന്നത് കാണാനായി. ഷാര്‍ജയുടെ വിനോദ മേഖലകളായ കല്‍ബ, ഖോര്‍ഫക്കാന്‍, ഹിസന്‍ ദിബ്ബ, മദാം തുടങ്ങിയ ഭാഗത്തെല്ലാം നിരവധി സന്ദര്‍ശകരത്തെി. പാതവക്കില്‍ സുപ്ര വിരിച്ച് വട്ടം വളഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നവരെയും കാണാനായി. ഖോര്‍ഫക്കാന്‍ കടലോരത്ത് ഏര്‍പ്പെടുത്തിയ വിവിധ വിനോദങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തിരക്കുണ്ടായിരുന്നു. ഇവിടെയുള്ള ബോട്ട് യാത്രക്കും തിരക്കായിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.