ഷാർജ: വായനയുടെ സംസ്കാരത്തിന് പുതിയ അർഥതലങ്ങൾ സമ്മാനിച്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 43ാമത് എഡിഷന് പ്രൗഢമായ സമാപനം. നവംബർ ആറുമുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. 12 ദിവസത്തിനിടെ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ 750 പുസ്തകങ്ങളാണ് മേളയിൽ പ്രകാശനം ചെയ്തത്.
ഇതിൽ 500 പുസ്തകങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയുമായിരുന്നുവെന്ന് ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ് മോഹൻ കുമാർ അറിയിച്ചു. കുട്ടികൾ എഴുത്തിലേക്ക് സജീവമായി വരുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം പുതുതായി നൂറുകണക്കിന് എഴുത്തുകാരെ സൃഷ്ടിക്കാൻ റൈറ്റേഴ്സ് ഫോറത്തിന് കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ നിന്നടക്കം പ്രമുഖ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും മേളയുടെ ഭാഗമായി. 112 രാജ്യങ്ങളില്‍നിന്നുള്ള 2,520 പ്രസാധകരാണ് പുസ്തകങ്ങൾ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽനിന്നുൾപ്പെടെ ഏറ്റവും പുതിയ കൃതികളുമായി 400 രചയിതാക്കളാണ് മേളയുടെ ഭാഗമായത്.
അറബ് പങ്കാളികളില്‍ 234 പ്രസാധകരുമായി യു.എ.ഇ തന്നെയായിരുന്നു മുന്നില്‍. പിന്നാലെ 172 പ്രസാധകരുമായി ഈജിപ്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ഇന്ത്യയില്‍നിന്നും 52 പ്രസാധകർ ഇത്തവണ മേളയിൽ പങ്കെടുത്തു. 12 ദിവസത്തിനിടെ ആയിരത്തിലേറെ വ്യത്യസ്തമായ സാംസ്കാരിക പരിപാടികള്‍ക്കും മേള സാക്ഷ്യം വഹിച്ചു.
കവിയരങ്ങിൽ അതിഥിയായി മലയാളത്തിന്റെ പ്രിയ കവി റഫീക് അഹമ്മദും പങ്കെടുത്തു. കൂടാതെ തമിഴ്നാട് ഐ.ടി മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ, എഴുത്തുകാരായ ബി. ജയമോഹൻ, ചേതൻ ഭഗത്, അഖിൽ പി. ധർമജൻ, അവതാരക അശ്വതി ശ്രീകാന്ത്, കവി പി.പി. രാമചന്ദ്രൻ, സഞ്ചാരിയും പാചക വിദഗ്ധയുമായ ഷെനാസ് ട്രഷറിവാല, പുരാവസ്തു ഗവേഷകരായ ദേവിക കരിയപ്പ, റാണ സഫ്വി എന്നിവരായിരുന്നു ഇന്ത്യയിൽനിന്ന് എത്തിയ മറ്റ് പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.