ഷാർജ: ചുരുളി എന്ന സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് സിനിമക്ക് ആധാരമായ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയുടെ എഴുത്തുകാരൻ വിനോയ് തോമസ് പറഞ്ഞു. എന്നാൽ, നല്ലത് എന്ന വിശേഷണത്തിൽ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യ കൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പ്രോത്താസീസിന്റെ ഇതിഹാസം’ എന്ന കൃതിയെ ആധാരമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പാഠപുസ്തകങ്ങൾ കാലഹരണപ്പെട്ടു.
ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികളെ പാഠ്യക്രമം അഭിമുഖീകരിക്കുന്നില്ല. മലയാളം അധ്യാപകർ പലപ്പോഴും കോമഡിയാണ് ക്ലാസിൽ ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. മലയാള ഭാഷയെ ഇപ്പോൾ സംരക്ഷിക്കുന്നത് പ്രാദേശിക ഭാഷാ ഭേദത്തിൽ എഴുതുന്ന കടകളുടെ ബോർഡുകളാണ്.
ജീവിക്കുന്ന മലയാളം ഇതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. എഴുത്തുകാരൻ എന്നത് എഴുതുമ്പോൾ മാത്രമുള്ള അവസ്ഥയാണ്, മറ്റു സമയങ്ങളിൽ എഴുത്തുകാരൻ എന്ന ലേബലിന് പ്രസക്തിയില്ല. ചെറുപ്രായത്തിൽതന്നെ പ്രതിഭയാണെന്ന് വിശേഷിപ്പിച്ച് അംഗീകരിക്കുന്നത് എഴുത്തുകാരോട് ചെയ്യുന്ന ദ്രോഹമാണ്. തന്റെ പുതിയ നോവൽ ആകാശ വിസ്മയം അടുത്ത വർഷം മാർച്ച് മാസത്തോടെ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.