ഷാര്‍ജ ലോകത്തിലെ ആദ്യ ശിശു സൗഹൃദ നഗരമായി

ഷാര്‍ജ: അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്‍ജയുടെ കിരീടത്തില്‍ ബുധനാഴ്ച്ച മറ്റൊരു പൊന്‍തൂവല്‍ കൂടി സ്ഥാനം പിടിച്ചു. ലോകത്തിലെ ആദ്യ ശിശു സൗഹൃദ നഗരമെന്ന ഖ്യാതിയാണ് ഷാര്‍ജ നേടിയത്. ഇതിന്‍െറ പ്രഖ്യാപനം ജവാഹര്‍ റിസപ്ഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി നിര്‍വഹിച്ചു. കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള 140 സ്ഥാപനങ്ങളാണ് ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു സ്ഥാനം കൈവരിക്കാനായി ഷാര്‍ജ നടപ്പിലാക്കിയ വിവിധ പരിപാടികളുടെ വീഡിയോ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. 
മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനായി വിവിധ പദ്ധതികളാണ് ഷാര്‍ജ നടപ്പില്‍ വരുത്തിയത്.  തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും മറ്റും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ് ഷാര്‍ജ ലോകത്തിന് തന്നെ മാതൃകയായത്. മാനുഷിക മുല്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന രാജ്യക്കാരിയായതില്‍  അഭിമാനം കൊള്ളുന്നതായി ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ചെയര്‍പേഴ്സനും  ശിശു സൗഹൃദ കാമ്പയിന്‍ അധ്യക്ഷയുമായ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ ആല്‍ ഖാസിമി പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ തനിക്ക് ഇത്തരമൊരു പദ്ധതിയുടെ ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും വാക്കുകള്‍ക്ക് അതീതമാണെന്ന് അവര്‍ പറഞ്ഞു. ലോകത്തിലെ എല്ലാ അമ്മമാരോടും അളവറ്റ ആദരവാണുള്ളത്. സ്ത്രികളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഷാര്‍ജയില്‍ നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രികള്‍ക്ക് ഒരു മാസത്തെ വാര്‍ഷിക അവധിക്ക് പുറമെ മൂന്ന് മാസത്തെ പ്രസവാവധിയും ലഭിക്കുന്നുണ്ട്. ഇത്തരം പരിഗണനകള്‍ കൂടുതല്‍ സ്ത്രികളെ സര്‍ക്കാര്‍ ജോലികളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നതായി ബുദൂര്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.