ദൃശ്യവിസ്മയം തീര്‍ത്ത് ‘മെറൂണ്‍’ 

അബൂദബി: ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസ് എഴൂത്ത് കൊണ്ട് തീര്‍ത്ത മായിക ലോകം അരങ്ങിലേക്ക് എത്തിയപ്പോള്‍ ദൃശ്യവിസ്മയമായി മാറിയ അനുഭവമാണ് മെറൂണ്‍ എന്ന നാടകം. കേരള സോഷ്യല്‍ സെന്‍ററിന്‍െറ ഏഴാമത് ഭരത് മുരളി നാടകോത്സവത്തിന്‍െറ ആറാം ദിനമാണ് മാര്‍ക്വേസിന്‍െറ ചെറുകഥയെ ആസ്പദമാക്കി യുവകലാസാഹിതി അബൂദബി അവതരിപ്പിച്ച ‘മെറൂണ്‍’ എന്ന നാടകം അരങ്ങേറിയത്. മാജിക്കല്‍ റിയലിസം എഴുത്തില്‍ കൊണ്ടുവന്ന വിഖ്യാത സാഹിത്യകാരന്‍െറ രചന നാടകമായി മാറിയപ്പോള്‍ ആത്മാവ് ചോരാതെ അവതരിപ്പിക്കാന്‍ സാധിച്ചുവെന്ന് സംവിധായകനും നടീനടന്‍മാര്‍ക്കും ആശ്വസിക്കാം. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ദൃശ്യവിസ്മയം തീര്‍ത്തപ്പോഴും നാടകം എന്ന കലയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചോ എന്ന കാര്യത്തില്‍ കാണികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പരീക്ഷണങ്ങളെ സ്വാഗതം ചെയ്യുമ്പോഴും തനിമ നഷ്ടപ്പെടുന്നതായി ഒരു വിഭാഗം കാഴ്ചക്കാര്‍ പറയുന്നു.  
അഭിമന്യു വിനയകുമാറാണ് മെറൂണ്‍ നാടകത്തിന്‍െറ രചനയും സംവിധാനവും നിര്‍വഹിച്ചത്. മാര്‍ക്വേസിന്‍െറ ‘മഞ്ഞില്‍ പതിഞ്ഞ നിന്‍െറ ചോരപ്പാടുകള്‍’ എന്ന ചെറുകഥയുടെ സ്വതന്ത്ര ആവിഷ്കാരമായാണ് നാടകം അരങ്ങിലത്തെിയത്. കൊളംബിയന്‍ സമ്പന്ന കുടുംബത്തിലെ ബില്ലി സാഞ്ചസും നിന ദാക്കോന്തെയും പ്രണയിച്ച് വിവാഹം കഴിച്ച് മധുവിധുവിനായി യൂറോപ്പിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയിലും നാടകത്തിലും വിവരിക്കുന്നത്. റോസിന്‍െറ മുള്ള്കൊണ്ട് നിനയുടെ വിരലിലുണ്ടാകുന്ന മുറിവും സാരമില്ളെന്ന് കരുതി നടത്തുന്ന യാത്രകളും രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലാകുന്നതും പാരീസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും അവിടെ വെച്ച് നിന മരണമടയുന്നതുമാണ് കഥയില്‍ പറയുന്നത്. ഭാര്യയുടെ മരണം അറിയാതിരിക്കുകയും മൃതദേഹം മാതാപിതാക്കള്‍ കൊണ്ടുപോകുന്നതും ബില്ലയില്‍ ഉണ്ടാക്കുന്ന മാനസിക വൃഥയും അനാവരണം ചെയ്യപ്പെടുന്നുണ്ട്.  നിനയെ അവതരിപ്പിച്ച നന്ദനയും ബില്ലി സാഞ്ചസായി അരങ്ങിലത്തെിയ ബഷീറും കാണികളെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മള്‍ട്ടി മീഡിയ ഉപയോഗിച്ച് നാടകം മനോഹരമാക്കിയിട്ടുണ്ട്. മഞ്ഞിലൂടെയുള്ള നായകന്‍െറ നടത്തവും നിനയുടെ മരണവുമൊക്കെ കാണികളുടെ മനസ്സില്‍ തങ്ങി നില്‍ക്കും വിധം ദൃശ്യവിസ്മയമായി അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച വെളിച്ച വിതാനം നാടകത്തെ കാണികളിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേസമയം, എളുപ്പത്തില്‍ കാണികള്‍ക്ക് ഗ്രഹിക്കാവുന്ന വിധമല്ല സംവിധായകന്‍ മെറൂണ്‍ അണിയിച്ചൊരുക്കിയത് എന്ന അഭിപ്രായവുമുണ്ട്.  
ദേവി അനില്‍ (നരേറ്റര്‍), അബാദ് ജിന്നാസാഹിബ് (പോലീസ് ചീഫ്, കുക്ക്, അമ്മ), അശോകന്‍ (ഹോട്ടല്‍ മാനേജര്‍), ജോസി, നൗഷാദ്, ഫാസില്‍, വിജീഷ്, ബിജു ഏറയില്‍, നൗഷാദ് കല്ലംപ്പുള്ളി, ഹരീഷ്, ഫൈസല്‍, ബിജു മതുമ്മല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.