യുവാക്കള്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇ

ദുബൈ: അറബ് യുവാക്കള്‍ ജീവിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യം യു.എ.ഇ. 16 രാജ്യങ്ങളിലെ 3500 യുവാക്കള്‍ക്കിടയില്‍ അസ്ദ ബഴ്സണ്‍ മാസ്റ്റല്ലര്‍ എന്ന ഏജന്‍സി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യം ഈ നേട്ടം സ്വന്തമാക്കുന്നത്. ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ട യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം രാജ്യത്തില്‍ വിശ്വാസമര്‍പ്പിച്ച യുവാക്കള്‍ക്ക് നന്ദി പറഞ്ഞു. 
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം യുവാക്കളും വികസന മാതൃകയായി ഉയര്‍ത്തിക്കാണിക്കുന്നത് യു.എ.ഇയെയാണ്. 22 ശതമാനം യുവാക്കളാണ് യു.എ.ഇയില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നത്. അമേരിക്ക (15 ശതമാനം), ജര്‍മനി (11 ശതമാനം), സൗദി അറേബ്യ (11 ശതമാനം), കനഡ (10 ശതമാനം) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സുരക്ഷിത ജീവിത സാഹചര്യമാണ് 36 ശതമാനം പേരെയും യു.എ.ഇയെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. വളരുന്ന സമ്പദ്വ്യവസ്ഥ, മികച്ച തൊഴിലവസരങ്ങള്‍, ഉയര്‍ന്ന ശമ്പള പാക്കേജ് എന്നിവയാണ് പിന്നീടുള്ള കാരണങ്ങള്‍. പുതിയ ബിസിനസ് സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള രാജ്യമേതെന്ന ചോദ്യത്തിന് 24 ശതമാനത്തിന്‍െറയും ഉത്തരം യു.എ.ഇ എന്നായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.