ദുബൈ: യു.എ.ഇയിലെ മികവുറ്റ വിദ്യാർഥികളെ ആദരിക്കുന്ന മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. യു.എ.ഇ സ്കൂളുകളിൽ നിന്ന് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് അവാർഡ്. രജിസ്ട്രേഷൻ നടപടികൾ അവസാനത്തിലാണ്.
സെപ്റ്റംബർ 21ന് ദുബൈയിലും 22ന് അബൂദബിയിലും തുടർന്ന് 29ന് അജ്മാനിലുമാണ് മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അവാർഡ് ദാന ചടങ്ങുകൾ. മൂന്നിടങ്ങളിലുമായി ആയിരത്തിലേറെ വിദ്യാർഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 21ന് വൈകീട്ട് നാലിന് ദുബൈ അക്കാദമിക് സിറ്റിയിലെ സ്റ്റഡി വേൾഡ് കാമ്പസിലാണ് മബ്റൂഖിന്റെ ആദ്യചടങ്ങ്.
സെപ്റ്റംബർ 22ന് അബൂദബി യൂനിവേഴ്സിറ്റിയിൽ മബ്റൂഖ് അവാർഡിന്റെ രണ്ടാം ചടങ്ങ് അരങ്ങേറും. സെപ്റ്റംബർ 29ന് അജ്മാനിലെ നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിലാണ് യു.എ.ഇയിലെ അവസാന അവാർഡ്ദാന ചടങ്ങ് നടക്കുക. മൂന്നിടങ്ങളിലും യു.എ.ഇയിലെ നിരവധി പ്രമുഖർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കും.
കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ്ടു ഫൈനൽ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും, 90 ശതമാനമോ, അതിന് മുകളിലോ മാർക്ക് നേടിയവരെയുമാണ് അവാർഡിനായി പരിഗണിക്കുക.
യോഗ്യതാമാർക്ക് കരസ്ഥമാക്കിയവർക്ക് mabrook.mediaoneonline.com എന്ന വെബ്സൈറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. അവാർഡ് സ്വീകരിക്കാൻ സൗകര്യമുള്ള എമിറേറ്റുകളും വേദികളും തിരഞ്ഞെടുക്കാൻ വെബ്സൈറ്റിൽ സൗകര്യമുണ്ടായിരിക്കും. തുടർച്ചയായി രണ്ടാംവർഷമാണ് മബ്റൂഖ് ഗൾഫ് ടോപ്പോഴ്സ് അവാർഡ് നൽകി വിദ്യാർഥികളെ ആദരിക്കുന്നത്.
കഴിഞ്ഞവർഷം യു.എ.ഇയിലെ മൂന്ന് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിൽ ആയിരത്തിലേറെ വിദ്യാർഥികൾ മീഡിയവണിന്റെ ആദരം ഏറ്റുവാങ്ങിയിരുന്നു. യു.എ.ഇക്കു പുറമെ ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരദാന ചടങ്ങുകൾ ഈ മാസവും അടുത്ത മാസാദ്യത്തിലുമായി നടക്കും. സൗദി അറേബ്യയിലെ മൂന്ന് നഗരങ്ങളിലായി മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ് അവാർഡ്ദാന ചടങ്ങ് കഴിഞ്ഞ മാസം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.