ഷാർജ: ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ വന്യ മൃഗ സംരക്ഷണ കേന്ദ്രമായ ഷാർജയിലെ സഫാരി പാർക്കിൽ നാലാമത് സീസൺ ഈ മാസം 23ന് ആരംഭിക്കുമെന്ന് പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി (ഇ.പി.എ.എ) അറിയിച്ചു. മരുഭൂമിക്ക് നടുവിലായി അൽ ദൈദിൽ അൽ ബ്രിദി നാച്വറൽ റിസർവിലാണ് ഷാർജ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിവ് പകരുന്നതിന് ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പുതിയ സീസണിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. സന്ദർശകർക്ക് കൗതുകം നിറക്കുന്ന പുത്തൻ അനുഭവം സമ്മാനിക്കുന്നതിനായി കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും ഉൾപ്പെടുത്തി പുതിയ സീസൺ വിപുലീകരിച്ചതായി ഇ.പി.എ.എ ചെയർപേഴ്സൻ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.
300ലേറെ മൃഗക്കുഞ്ഞുങ്ങൾക്കും പക്ഷിക്കുഞ്ഞുങ്ങൾക്കും ജന്മം നൽകാൻ സഫാരി പാർക്കിന് കഴിഞ്ഞു. ജൈവ വൈവിധ്യവും വംശനാഷ ഭീഷണി നേരിടുന്ന ജീവികളെയും സംരക്ഷിക്കാനുള്ള പരിശ്രമങ്ങളുടെ വിജയമാണിത്.
സന്ദർശകർക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനുള്ള മികച്ച അവസരങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ മികച്ച സേവനങ്ങൾ നൽകുന്നതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. എട്ട് ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന സഫാരി പാർക്ക് 120 ജീവി വർഗങ്ങളിൽപ്പെട്ട 50,000 വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്. ഒരു ലക്ഷത്തിലേറെ ആഫ്രിക്കൻ മരങ്ങളും ഇവിടെ വളരുന്നുണ്ട്.
കണ്ടാമൃഗം, പക്ഷികൾ, ജിറാഫുകൾ, ആന, ആഫ്രിക്കൻ കടലാമ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നം, മുതലകൾ തുടങ്ങി അനേകം ജീവികളാണ് ഇവിടെയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാനായി പ്രത്യേക ഇടങ്ങളും പാർക്കിൽ സജ്ജമാണ്. ആഫ്രിക്കയിലെ വിവിധ പ്രദേശങ്ങളുടെ മാതൃകയിൽ 12 മേഖലകളായി തിരിച്ചാണ് സഫാരി പാർക്ക് ഒരുക്കിയിട്ടുള്ളത്.
ആഫ്രിക്കയിലേതിന് സമാനമായ സാഹചര്യം ഒരുക്കുന്നതിനായി അവിടെ നിന്നുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും പൂമ്പാറ്റകൾക്കും പുറമെ പ്രത്യേക മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സന്ദർശകർക്കായി റസ്റ്റാറന്റുകൾ, കഫേകൾ, കോൺഫറൻസ് ഹാൾ, പ്രാർഥന മുറി, പ്രഥമ ശുശ്രൂഷാ മുറി, സന്ദർശക ക്യാമ്പ് തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശന സമയം. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.