എസ്.ജാനകിക്ക്് നാളെ 78; പിറന്നാള്‍ സമ്മാനമായി  ഗാനോപഹാരം ഒരുക്കി അച്ഛനും മകനും

എസ്. ജാനകി
 

അബൂദബി: തെന്നിന്ത്യയുടെ രാഗ സൗന്ദര്യം എസ്. ജാനകിക്ക് ശനിയാഴ്ച വയസ്സ് 78 തികയുമ്പോള്‍ പിറന്നാള്‍ സമ്മാനമായി ഗാനോപഹാരവുമായി അച്ഛനും മകനും. ജാനകിയുടെ പാട്ട് ജീവിതം കോര്‍ത്തിണക്കിയുള്ള ഗാനമാണ് തൃശൂര്‍ പുതുക്കാട് സ്വദേശിയായ രാപ്പാള്‍ സുകുമാര മേനോനും മകന്‍ ഹരിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. എസ്.ജാനകി തന്‍െറ സ്വര മാധുര്യത്തിലൂടെ മലയാളത്തിന് സമ്മാനിച്ച പാട്ടുകളുടെ ഓര്‍മകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് പിറന്നാള്‍ സമ്മാനമായി ഗാനം ചെയ്തിരിക്കുന്നത്. ജാനകിയമ്മയുടെ പാട്ട് ജീവിതത്തിന്‍െറ വിവിധ ഭാവങ്ങള്‍ രാപ്പാള്‍ സുകുമാര മേനോന്‍ വരികളിലാക്കിയപ്പോള്‍ മകന്‍ ഹരി ഈണം നല്‍കുകയായിരുന്നു. അബൂദബിയില്‍ ജോലി ചെയ്യുന്ന ഹരി തന്നെയാണ് ആലാപനവും നിര്‍വഹിച്ചത്. നാല് മിനിറ്റോളമുള്ള ഗാനം പിറന്നാള്‍ ദിനത്തില്‍ യൂട്യൂബിലൂടെ ജനങ്ങളിലേക്ക് എത്തും. ഇന്ത്യയില്‍ ഒരു ഗായികയെ കുറിച്ച് ആദ്യമായാണ് കവിതാ രൂപത്തില്‍ രചന പുറത്തിറങ്ങുന്നത്. 
കവി, ചലച്ചിത്ര ഗാന രചയിതാവ്, മലയാള ഭാഷാ സ്നേഹി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയ സംഭാവനകള്‍ അര്‍പ്പിച്ച രാപ്പാള്‍ സുകുമാര മേനോന്‍ തന്‍െറ നാട്ടുകാരനായ അഭിലാഷ് പുതുക്കാട് രചിച്ച ‘എസ്. ജാനകി ആലാപനത്തിന്‍െറ തേനും വയമ്പും’എന്ന പുസ്തകത്തിന് വേണ്ടിയാണ് എസ്. ജാനകിയെ കുറിച്ചുള്ള കവിത എഴുതിയത്. ഈ കവിത സംഗീതജ്ഞന്‍ കൂടിയായ ഹരി ഈണം നല്‍കി പുറംലോകത്തേക്ക് എത്തിക്കുകയാണ്.  
അമ്മ കൈരളി തന്‍ കളനിസ്വനം, നിന്‍ മൊഴിയില്‍ നിറഞ്ഞുതുളുമ്പവേ... എന്ന് തുടങ്ങി പാദപത്മത്തില്‍ നീയെന്‍ ശാരികേ ആയുരാരോഗ്യ സൗഖ്യമരുളട്ടേ അമ്മ ലക്ഷ്മിയാം ജാനകിയെപ്പോഴും എന്ന് അവസാനിക്കുന്ന കവിത ഭൈരവി, മോഹനം എന്നീ രാഗങ്ങളിലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.  
ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ തന്നെ കവിതാ രചനയിലേക്ക് കടന്നുവന്ന രാപ്പാള്‍ സുകുമാര മേനോന്‍ സ്വപ്നരാഗം എന്ന ചിത്രത്തിലുടെ ചലച്ചിത്ര ഗാന രചനാ ലോകത്തേക്ക് പ്രവേശിക്കുന്നത്. 
പുഴയൊഴുകും വഴി, ശംഖുനാദം, ഒരു പവിഴച്ചെപ്പ് തുറക്കുന്നു, യാത്രാമൊഴി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും രചിച്ചിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടിയും മറ്റും സംഗീത ശില്‍പങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. 
അഞ്ച് വര്‍ഷമായി അബൂദബിയിലുള്ള ഹരി നാല് വയസ്സ് മുതല്‍ സംഗീതം പഠിച്ചുതുടങ്ങിയതാണ്. പിതാവിന്‍െറ സുഹൃത്തായ മാധവന്‍ മാഷുടെ അടുത്ത് 12 വര്‍ഷത്തോളം സംഗീതം പഠിച്ച ഹരി, തൃശൂര്‍ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കലാപ്രതിഭാ പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അഷ്ടപദി, കഥകളി സംഗീതം, സംസ്കൃതം പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ മത്സരിക്കുകയും ചെയ്തു. കലാമണ്ഡലം ഹൈദരാലിയുടെ കീഴിലാണ് കഥകളി സംഗീതം അഭ്യസിച്ചത്. ഐഡിയ സ്റ്റാര്‍ സിങറിന്‍െറ ആദ്യ റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയുമായിരുന്നു. പിതാവിന്‍െറ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും ഈണം നല്‍കുന്നതും ആലപിക്കുന്നതും ഹരി തന്നെയാണ്. 
അച്ഛന്‍ എഴുതിയ പത്ത് പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ ‘നിശാഗന്ധി’ എന്ന ആല്‍ബം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. നാട്ടില്‍ ഗാനമേളകളില്‍ സജീവമായിരുന്ന ഹരി, യു.എ.ഇയിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.  എസ്. ജാനകിയമ്മയെ കുറിച്ച് അച്ഛന്‍ എഴുതിയ വരികള്‍ക്ക് ഈണം നല്‍കി ഇഷ്ട പാട്ടുകാരിയുടെ ജന്‍മദിനത്തില്‍ തന്നെ പുറത്തിറക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-13 05:17 GMT
access_time 2024-11-13 05:10 GMT