ഷാര്‍ജ പ്രകാശോത്സവത്തിന് ഇന്ന് തിരിതെളിയും

ഷാര്‍ജ: തണുത്ത രാവിന് ഇളം ചൂട് പകര്‍ന്ന് ഷാര്‍ജ പ്രകാശോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. 13 വരെ വര്‍ണവിളക്കുകള്‍ പ്രകാശം ചൊരിയും. ഷാര്‍ജയുടെ സാംസ്കാരിക നിലയങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഉപനഗരങ്ങളിലും വിളക്കുത്സവം നടക്കുന്നുണ്ട്. 
ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റി (എസ്.സി.ടി.ഡി.എ) ആണ് വിളക്കുത്സവത്തിന് നേതൃത്വം വഹിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളും നൂതന ആശയങ്ങളും ഇത്തവണത്തെ പ്രകാശോത്സവത്തിന്‍െറ തിളക്കം കൂട്ടുമെന്ന് എസ്.സി.ടി.ഡി.എ ചെയര്‍മാന്‍ ഖാലിദ് ജാസിം ആല്‍ മിദ്ഫ പറഞ്ഞു. 
പതിവ് ഇടങ്ങള്‍ക്ക് പുറമെ ഖാസിമിയ സര്‍വകലാശാല, ഖാസിമിയ മസ്ജിദ്, യൂനിവേഴ്സിറ്റി സിറ്റി ഹാള്‍, പ്ളാനറ്റോറിയം, ജുബൈലിലെ പുതിയ പൊതുമാര്‍ക്കറ്റ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ്, കള്‍ചറല്‍ പാലസ്, കല്‍ബ കോര്‍ണിഷ് പാര്‍ക്ക്, കല്‍ബയിലെ അല്‍ ഫരീദ് സ്ട്രീറ്റിലെ സര്‍ക്കാര്‍ കെട്ടിടം, ദിബ്ബ അല്‍ ഹിസന്‍, ബുഹൈറയിലെ തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത്തവണ പ്രകാശം കവിത എഴുതുക. വിളക്കുത്സവത്തിന്‍െറ പ്രധാന ശ്രദ്ധാകേന്ദ്രം അല്‍ മജാസാണ്. 
ഖാലിദ് തടാകത്തിലെ അല്‍ നൂര്‍ തുരുത്തില്‍ ഇത്തവണ പ്രകാശവും ചിത്രശലഭങ്ങളും സല്ലപിക്കും. ഏത് മതക്കാര്‍ക്കും പ്രവേശം അനുവദിക്കുന്ന അല്‍ നൂര്‍ പള്ളിയും പ്രകാശത്തിന്‍െറ വര്‍ണ കുപ്പായമണിയും. ഖാലിദ് തടാക കരയിലെ പുതിയ ജനറല്‍ മാര്‍ക്കറ്റിന്‍െറ വാസ്തു കലയില്‍ പ്രകാശം വര്‍ണ ചിത്രങ്ങളെഴുതും. 
ഖാലിദ് തുറമുഖത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഷാര്‍ജ കോടതിയുടെ ചുവരുകളില്‍ ദീപനാളങ്ങള്‍ ചിത്രങ്ങളായി വിടരും. സാധാരണ ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 11വരെയും അവധി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെയുമാണ് വിളക്കുത്സവം നടക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.