പ്രിയ കവിയുടെ സ്വരം അഭിലാഷിന്‍െറ കാതിലിപ്പോഴും...

അബൂദബി: ‘അഭിലാഷ് അല്ളെ... തന്‍െറ പുസ്തകം പുറത്തിറങ്ങിയോ..അതിലേക്കായി ഞാന്‍ ഒരു കുറിപ്പ് എഴുതിവെച്ചിരുന്നു. അതു തനിക്ക് ആശംസയായോ പുറംചട്ടയിലോ മറ്റോ ആയ് ഉപയോഗിക്കാം..തന്നെ വിളിക്കാന്‍ താന്‍ നമ്പറൊന്നും എനിക്കു തന്നില്ലല്ളോ..താന്‍ ഏതോ ഒന്നില്‍ കുത്തിവിളിക്കും. അഭിലാഷ് അബൂദബി എന്നൊക്കെ പറയും. തന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ലാട്ടോ...ആ പോട്ടെ... ഒരു പേന എടുക്കൂ... പേപ്പറും... പേന എഴുതുന്നുണ്ടോ എന്ന് നോക്കൂ...ഞാന്‍ പറയാം... താന്‍ ഇടക്കു അതില്‍ കയറി സംസാരിക്കരുത്... എഴുതി കഴിഞ്ഞ് താന്‍ വായിച്ചാല്‍ അതില്‍ വിട്ടുപോയത് പറയാം’ ഒ.എന്‍.വി കുറുപ്പിന്‍െറ വാക്കുകളാണിത്. എസ്. ജാനകിയുടെ പാട്ടുജീവിതം ‘എസ്. ജാനകി: ആലാപനത്തിന്‍െറ തേനും വയമ്പും’ എന്ന പുസ്തകം എഴുതിയ അഭിലാഷ് പുതുക്കാടിനോട് ആയിരുന്നു ഈ ക്ഷോഭം നിറഞ്ഞ വാക്കുകള്‍. നിരന്തരം ഒ.എന്‍.വിയെ വിളിച്ചുകൊണ്ടിരുന്ന അഭിലാഷ് നീണ്ട ഇടവേളയെടുത്ത ശേഷം വീണ്ടും വിളിച്ചപ്പോഴായിരുന്നു . എന്‍.വിയുടെ ക്ഷോഭവും സ്നേഹവും ഒഴുകിയത്. എസ്. ജാനകിയെ കുറിച്ച പുസ്തകത്തിലേക്കുള്ള ആശംസ വരെ എഴുതി തയാറാക്കിയിരിക്കുകയായിരുന്നു ഒ.എന്‍.വി. 
‘ഇന്ത്യയില്‍ ലതാമങ്കേഷ്ക്കറെന്നതു പോലെ ദക്ഷിണേന്ത്യയെ ആകെ തന്‍െറ ഭാവബന്ധൂരമായ ഗാനാലാപനം കൊണ്ട് വശീകരിച്ച ഗായികയാണ് എസ്.ജാനകി. തളിരിട്ട കിനാക്കളില്‍ തുടങ്ങി പിന്നീട് തളിരുകളൊക്കെയും പൂത്ത് മധുരഫലങ്ങളായി തീരുന്ന പരിണാമ ചരിത്രം എസ്.ജാനകിക്കുണ്ട്. അവര്‍ പാടിയ പല പാട്ടുകളും അവയുടെ ഭാവമാധൂര്യം കൊണ്ടു ഞാനിന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. പ്രായത്തിനു ഒരിക്കലും തളര്‍ത്താന്‍ കഴിയാത്ത ഒരു സുവര്‍ണ ശബ്ദത്തിന്‍െറ ഉടമയാണ് എസ്.ജാനകി. അവരുടെ സംഗീതസപര്യ നീണാള്‍ തുടരട്ടെ എന്നു ആശംസിക്കുന്നു. ഒപ്പം 'ആലാപനത്തിന്‍െറ തേനും വയമ്പിനും' എല്ലാ ഭാവുകങ്ങളും നേരുന്നു’ ഇതായിരുന്നു ഒ.എന്‍.വിയുടെ ആശംസകള്‍. 
കഴിഞ്ഞ ഏഴ്- എട്ട് വര്‍ഷമായി താന്‍ ഒ.എന്‍.വി കുറുപ്പിനെ നിരന്തരം വിളിച്ചിരുന്നതായി അഭിലാഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പുസ്തക രചനയുടെ ഭാഗമായി ജാനകിയും ഒ.എന്‍.വിയും ഒന്നിച്ച പാട്ടുകളുടെ ഓര്‍മകള്‍ക്കായാണ് വിളിച്ചിരുന്നത്. മിക്കവാറും എല്ലാ വെളളിയാഴ്ചയും വിളിക്കും. ഒ.എന്‍.വി സാറിന്‍െറ ഭാര്യയോ മകനോ ആണ് ഫോണ്‍ എടുത്തിരുന്നത്. ഭാര്യയോട് അല്‍പ സമയം സംസാരിച്ചതിന് ശേഷമാണ് ഒ.എന്‍.വിയോട് സംസാരിക്കുക. സമയമെടുത്ത് ഓരോ പാട്ടുകളെ കുറിച്ചും വിവരിച്ചു തരും. 84 പാട്ടുകളുടെ പിന്നിലെ വിശേഷങ്ങളാണ് ഒ.എന്‍.വി പങ്കുവെച്ചത്. ഒ.എന്‍.വി കുറുപ്പിന്‍െറ ഫോണ്‍ നമ്പര്‍ എസ്. ജാനകിയാണ് നല്‍കിയതെന്നും അഭിലാഷ് പറഞ്ഞു. ഓരോ പാട്ടുകളെ കുറിച്ചു വിശദീകരിച്ചുതന്നിരുന്നു. ഒരിക്കലും വൈമനസ്യം കാണിച്ചിട്ടില്ല. കുറച്ചുനാള്‍ തുടര്‍ച്ചയായി വിളിക്കാതിരുപ്പോള്‍ സ്നേഹം കൊണ്ട് ക്ഷോഭിക്കുകയായിരുന്നു. 
ലോഗോസ് ബുക്ക്സ് പുറത്തിറക്കിയ എസ്. ജാനകി ആലാപനത്തിന്‍െറ തേനും വയമ്പും പ്രകാശന ചടങ്ങിലേക്കും ഒ.എന്‍.വി സാറിനെ ക്ഷണിച്ചു ഫോണ്‍ ചെയ്തിരുന്നു. ഇപ്പോള്‍ അങ്ങനെ യാത്ര ചെയ്യാന്‍ ആകില്ളെന്നായിരുന്നു മറുപടി. ഇതോടെ നാട്ടിലത്തെുമ്പോള്‍ പുസ്തകവുമായി വന്നുകാണാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. അതായിരുന്നു അവസാന ഫോണ്‍ വിളിയെന്ന് അഭിലാഷ് പറയുന്നു. 
ഫോണില്‍ നിരന്തരം സംസാരിക്കുമ്പോഴും നേരില്‍ കാണാന്‍ സാധിക്കാത്തതിന്‍െറ വിഷമത്തിലാണ് താന്‍ ഇപ്പോള്‍. നാട്ടില്‍ പോയ ശേഷം ഒ.എന്‍.വി സാറിന്‍െറ കൂടി പിന്തുണയോടെ പുറത്തിറക്കിയ പുസ്തകവുമായി അദ്ദേഹത്തിന്‍െറ വീട്ടിലത്തെണമെന്നും അഭിലാഷ് പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.