വരൂ, വിശപ്പകറ്റൂ; റമദാന്‍ ഷെയറിങ് ഫ്രിഡ്ജ് തയാര്‍

ദുബൈ: റമദാനില്‍ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെ രണ്ട് വീട്ടമ്മമാര്‍ തുടക്കമിട്ട റമദാന്‍ ഷെയറിങ് ഫ്രിഡ്ജ് പദ്ധതി യു.എ.ഇയില്‍ തരംഗമാവുന്നു. വീടിന് പുറത്ത് സജ്ജീകരിച്ച ഫ്രിഡ്ജില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നോമ്പുതുറക്കുള്ള ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ടാഴ്ചക്കകം രാജ്യത്തെമ്പാടും 90ഓളം റമദാന്‍ ഫ്രിഡ്ജുകള്‍ ഒരുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

വീടുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പുറത്ത് ഫ്രിഡ്ജ് സ്ഥാപിക്കുന്നതാണ് പദ്ധതി. വീട്ടുമുറ്റത്തോ കാര്‍ പോര്‍ച്ചിലോ വെക്കാം. പുതിയ ഫ്രിഡ്ജോ പഴയതോ ഇതിനായി ഉപയോഗിക്കാം. ഇതില്‍ ആര്‍ക്കും മറ്റുള്ളവര്‍ക്കായി വിഭവങ്ങള്‍ എത്തിക്കാം. ആവശ്യമുള്ളവര്‍ക്കെല്ലാം ഭക്ഷണം സൗജന്യമായി  കൈപ്പറ്റാം. ഹോളണ്ട് സ്വദേശിയായി മൊറോക്കന്‍ വംശജ ഫിക്റ നാലുവര്‍ഷം മുമ്പ് ദുബൈ മീഡോസിലെ താമസ സ്ഥലത്ത് തുടങ്ങിവെച്ച ആശയമാണിത്. ആസ്ത്രേലിയക്കാരി സുമയ്യയാണ് ഇതൊരു കൂട്ടായ്മയായി വളര്‍ത്തിയത്.

റമദാന്‍ ഷെയറിങ് ഫ്രിഡ്ജ് എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങി. ദിവസങ്ങള്‍ക്കകം 20,000 പേര്‍ കൈകോര്‍ത്തു. ഷാര്‍ജയിലേക്കും അബൂദബിയിലേക്കും പദ്ധതി വ്യാപിച്ചു. 90 സ്ഥലങ്ങളില്‍ ഇപ്പോള്‍ റമദാന്‍ ഫ്രിഡ്ജ് അന്യന്‍െറ വിശപ്പടക്കുന്നു. ജാതി- മത വ്യത്യാസമില്ലാതെ കൂട്ടായ്മയിലെ അംഗങ്ങള്‍ ഫ്രിഡ്ജിലേക്ക് ഭക്ഷണമത്തെിക്കും. സംഭാവനയായി പണം സ്വീകരിക്കില്ല, ഭക്ഷണം മാത്രം. ജ്യൂസ്, വെള്ളം, ലബന്‍, പഴങ്ങള്‍, പച്ചക്കറി, ബിരിയാണി, സമൂസ, തൈര് തുടങ്ങി എന്തും ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 24 മണിക്കൂറും ഭക്ഷണം എത്തിക്കാം.

റമദാനിലേക്ക് മാത്രമായാണ് പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും ചില ഫ്രിഡ്ജുകള്‍ അതിന് ശേഷവും തുടരുമെന്ന് ഫിക്റയും സുമയ്യയും പറഞ്ഞു. Ramadan/Sharing Fridges in the UAE എന്ന ഫേസ്ബുക് പേജില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. വിവരങ്ങള്‍ പങ്കുവെക്കാനും സൗകര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.