ബ്രെക്സിറ്റ്: യു.എ.ഇയിലെ ബ്രിട്ടീഷ് പ്രവാസികള്‍ ആശങ്കയില്‍

ദുബൈ: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടുപോകാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തതില്‍ യു.എ.ഇയിലെ ബ്രിട്ടീഷ് പ്രവാസികള്‍ ആശങ്കയില്‍. ചുരുക്കം ചിലര്‍ മാത്രമാണ് തീരുമാനത്തെ അനുകൂലിക്കുന്നത്. രാജ്യത്തിന്‍െറ പരമാധികാരം ഉറപ്പിക്കാന്‍ തീരുമാനം സഹായകമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഭാവി ആശങ്കയിലാകുമെന്നാണ് ഭൂരിപക്ഷം പേരുടെയും പ്രതികരണം. അതേസമയം, ഹിതപരിശോധനാഫലം പുറത്തുവന്നയുടന്‍ പൗണ്ടിന്‍െറ മൂല്യമിടിഞ്ഞത് മുതലാക്കാന്‍ നിരവധി പേര്‍ രംഗത്തിറങ്ങി. പൗണ്ട് വാങ്ങിക്കൂട്ടാന്‍ മണി എക്സ്ചേഞ്ചുകളില്‍ തിരക്ക് അനുഭവപ്പെട്ടു. രൂപയുടെ മൂല്യമിടിഞ്ഞത് കണക്കിലെടുത്ത് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികളും നാട്ടിലേക്ക് പണമയക്കാന്‍ എത്തിയിരുന്നു.  
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടുപോകുന്നതിനെ അനുകൂലിക്കുന്നത് യു.എ.ഇയിലെ ചുരുക്കം ചില ബ്രിട്ടീഷ് പ്രവാസികള്‍ മാത്രമാണ്. ഇവര്‍ ഹിതപരിശോധനാ ഫലം അറിഞ്ഞത് മുതല്‍ ആഹ്ളാദത്തിലാണ്. വിജയം ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങിയവരുമുണ്ട്. വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കാന്‍ സാധിക്കുന്നത് ബ്രിട്ടന് നേട്ടമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ തീരുമാനം ദുഃഖകരവും നാണിപ്പിക്കുന്നതാണ് ഭൂരിപക്ഷം പേരുടെയും നിലപാട്.
 ലോകം അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ നേരിടുമ്പോള്‍ തികച്ചും അപക്വമായ നിലപാടാണ് ബ്രിട്ടീഷ് ജനത സ്വീകരിച്ചതെന്ന് ഇവര്‍ പറയുന്നു.   
മൂല്യം കുറഞ്ഞത് കണക്കിലെടുത്തത് ആളുകള്‍ കൂട്ടത്തോടെ ബ്രിട്ടീഷ് പൗണ്ട് വാങ്ങാനത്തെിയതോടെ മണി എക്സ്ചേഞ്ചുകളില്‍ കറന്‍സിക്ക് ക്ഷാമം അനുഭവപ്പെട്ടു. 31 വര്‍ഷത്തിനിടെ ഏറ്റവും വലിയ തകര്‍ച്ചയാണ് പൗണ്ടിനുണ്ടായത്. മൂല്യം കൂടുമ്പോള്‍ വില്‍ക്കാമെന്ന ധാരണയിലാണ് ആളുകള്‍ പൗണ്ട് വാങ്ങിക്കൂട്ടുന്നത്. 
അതേസമയം, ബ്രിട്ടനും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ പുതിയ തീരുമാനം ബാധിക്കില്ളെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ടല്ല ജി.സി.സി നിക്ഷേപമെന്നതാണ് ഇതിന് കാരണം. മാത്രവുമല്ല, ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപങ്ങളില്‍ വര്‍ധനവിനും സാധ്യതയുണ്ട്. ബ്രിട്ടനിലെ റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപത്തില്‍ അധികവും. 
ഹിതപരിശോധനാ ഫലം ഇന്ത്യന്‍ വിപണിയിലും അനുരണനങ്ങള്‍ ഉണ്ടാക്കി. സെന്‍സെക്സ് വലിയ തോതില്‍ ഇടിഞ്ഞു. രൂപയുടെ മൂല്യത്തിന് 2013ന് ശേഷം ഏറ്റവും വലിയ ഇടിവാണുണ്ടായത്. ഡോളറിനെതിരെ 1.3 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരുദിര്‍ഹത്തിന് 18.47 വരെ ലഭിച്ചതോടെ പലരും പണം അയക്കാന്‍ മണി എക്സ്ചേഞ്ചുകളിലത്തെി.
 ബ്രെക്സിറ്റിന്‍െറ ഫലം വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്ന് പലരും കണക്കൂകൂട്ടിയിരുന്നു. എന്നാല്‍ മാസാവസാനം ആയതിനാല്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് പണം അയക്കാന്‍ സാധിച്ചില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.