മരുലോകാനുഭവത്തിന്‍െറ തീമുന  തേടിയലഞ്ഞ എഴുത്തുകാരന്‍

ഇന്നലെ രാത്രി അന്തരിച്ച ബാബു ഭരദ്വാജിനെ സുഹൃത്തും പ്രവാസി എഴുത്തുകാരനുമായ ബഷീര്‍ തിക്കോടി അനുസ്മരിക്കുന്നു

മണലാരണ്യ പ്രവാസത്തിന് നാമറിയാത്ത ഒരുപാട് ഏടുകളുണ്ടെന്ന് ‘പ്രവാസിയുടെ കുറിപ്പുകള്‍’ എന്ന ആ അനുഭവത്തിന്‍െറ സാക്ഷ്യങ്ങള്‍ നിവര്‍ത്തിയിട്ട ബാബു ഭരദ്വാജ് വിട പറഞ്ഞിരിക്കുന്നു. ഒരുപാട് സന്ദിഗ്ധതകളുടെ ആവരണങ്ങള്‍ കൊണ്ട് മൂടപ്പെട്ട ജീവിതങ്ങളെ, വിനിമയം ചെയ്യാനാവാതെ പോകുന്ന വിഹ്വലതകളെ, തേഞ്ഞുമാഞ്ഞ് തീരുന്ന യൗവ്വനാവസ്ഥയെ, ഇങ്ങനെ നേരോടെ എഴുതി ഫലിപ്പിച്ച ഒരാള്‍ വേറെയുണ്ടാവില്ല. 

മുഹമ്മദ് അസദിന്‍െറ ‘റോഡ് ടു മെക്ക’, വില്‍ഫ്രഡ് തെസീഗറുടെ  ‘അറേബ്യൻ സാൻഡ്സ്’ നേരത്തെ വായിച്ചിരുന്നതാണെങ്കിലും  ബാബു ഭരദ്വാജിന്‍െറ എഴുത്തിന്‍െറ മര്‍മം ചെന്നുതൊട്ടത് അകത്തായിരുന്നു. അപ്രതീക്ഷിതവും അവിശ്വസനീയവുമായ പല അനുഭവക്കടലിടുക്കിലേക്കും ആ കുറിപ്പ് വായനക്കാരനെ ചേര്‍ത്ത് നടത്തിച്ചു കൊണ്ടുപോയി.

മരുഭൂമിയില്‍ ജലം തേടി അലയുന്നതു പോലെ ബാബുവേട്ടന്‍ മനുഷ്യാനുഭവങ്ങളുടെ കനല്‍ തേടി അലഞ്ഞു. കാല്‍പനികതയുടെ കൊഞ്ചുകൊലുസ്സുകള്‍ ഒന്നുമില്ലാതെ അനുഭവിച്ചതിന്‍െറ ചൂടും ചൂരും വാക്കുകളില്‍ നിറച്ചു. ജീവിതങ്ങള്‍ കരിഞ്ഞ ഗന്ധം ആ ഭാഷയില്‍ നിറഞ്ഞു. അതുകൊണ്ടുതന്നെ അക്കരക്ക് പോയവന്‍െറ സൗഭാഗ്യത്തിന്‍െറ നേര്‍ ചിത്രത്തിന് പിന്നില്‍ നീറുന്ന നെരിപ്പോട്  ഉണ്ടെന്ന് മലയാളം അറിയുന്നത് ആ കുറിപ്പുകളിലൂടെയാണ്. മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും പച്ചപ്പില്‍ നിന്നും മണലാരണ്യത്തിലേക്ക് എടുത്തെറിയപ്പെട്ട മനുഷ്യരുടെ ജീവിതാധികള്‍ ഒരു നെടുവീര്‍പ്പോടെ മാത്രം കൊത്തിക്കൊറിച്ചു പോവാന്‍ കഴിയുന്നതായിരുന്നില്ല. 

വീടു വിട്ടവന്‍െറ, നാടു വിട്ടവന്‍െറ ആത്മീയവും ശാരീരികവുമായ വിലക്ഷണതകളുടെ നേരയെുള്ള തുറിച്ചുനോട്ടം നമ്മുടെ എഴുത്തില്‍  പൂര്‍വ മാതൃകകളല്ല. അനുഭവിച്ചത് അനുഭവിപ്പിക്കുക എന്ന മാസ്മരികത. നേരറിവുകളുടെ നേര് കൊണ്ട് ചിതറിപ്പോയ ഒരു ജനസഞ്ചയത്തിന്‍െറ ചിത്രം വരച്ചു ബാബുവേട്ടന്‍, ചോരകൊണ്ട്. ജാഗ്രത്തായ ഓര്‍മകളില്‍ തളച്ചിടുന്ന സര്‍ഗ പ്രക്രിയയുടെ വിജയ സ്മിതമായിരുന്നു അദ്ദേഹത്തിന്‍െറ എഴുത്ത്.‘കലാപങ്ങള്‍ക്കൊരു ഗൃഹപാഠം’ എന്ന നോവലിലേക്ക് നാം വരുമ്പോള്‍ സ്വന്തം അനുഭവങ്ങളുടെ തിളച്ചുമറിയുന്ന ഒരു ഊര്‍ജത്തെ സ്വാംശീകരിച്ചെടുക്കുന്ന ക്രിയ ബാബു ഭരദ്വാജിന് പരിചിതമായിരുന്നു എന്നു നമുക്കറിയാം. 

പ്രവാസിയുടെ കുറിപ്പുകള്‍ ഒരു ചാനലിന് വേണ്ടി പരമ്പരയാക്കാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നു. ബാബുവേട്ടന്‍െറ ഒരാഗ്രഹമായിരുന്നു അത്. നിര്‍ഭാഗ്യം കുട്ടുകാരനായിരുന്നു. എത്തുന്നിടത്തൊക്കെ വിനയത്തിന്‍െറയും സ്നേഹത്തിന്‍െറയും  ഊര്‍ജം വിതച്ച് പോകാന്‍ മാത്രം അറിയുന്നയാളായിരുന്നു. ‘പരേതര്‍ക്കൊരാള്‍’ എന്ന എന്‍െറ പുസ്തകത്തിന് അവതാരിക എഴുതാന്‍ ബാബുവേട്ടനോളം യോഗ്യനായ മറ്റൊരാള്‍ ഇല്ളെന്ന് പുസ്തകം എഴുതിത്തുടങ്ങിയ വേളയില്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. മരണം മണക്കുന്ന ഇടങ്ങളില്‍ മേഞ്ഞുനടക്കുന്ന മനുഷ്യനെ കുറിച്ചാണല്ളോ ആ പുസ്തകം. അത്തരം ഇടങ്ങളില്‍ മേഞ്ഞുനടന്ന് ചെരുപ്പ് തേഞ്ഞയാളാണ് ബാബുവേട്ടന്‍. 

എല്ലാ കൃത്രിമത്വങ്ങളെയെും  നിര്‍ഭയം വലിച്ചെറിഞ്ഞ്  എല്ലുരുക്കിക്കളയുന്ന അനുഭവങ്ങളുടെ അസ്ത്രങ്ങളെ തന്‍െറ ശുദ്ധമായ ഗദ്യത്തിലൂടെ അനുഭവിപ്പിച്ച ബാബുവേട്ടന്‍ പെട്ടെന്ന് മുണ്ടും മാടിക്കുത്തി പൊയ്കളഞ്ഞു.  എഴുത്തുകാരുടെ സഹജമായ ഒരഴുക്കുകൂട്ടത്തതിലും ബാബുവേട്ടനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. 
താനെഴുതിയത് വായനക്കാര്‍ നെഞ്ചിലേറ്റിയിട്ടും വരേണ്യതയുടെ ചില മുറിപ്പെടുത്തലുകള്‍ ബാബുവേട്ടനെ വല്ലാതെ ഉലച്ചിരുന്നു. അടുപ്പത്തിന്‍െറ തണലിലിരുന്ന് അദ്ദേഹം  ഇടക്ക് വിതുമ്പും. അപ്പോഴും ആ മനസ്സില്‍ എത്രയോ പ്രവാസാനുഭവങ്ങളുടെ കുറിപ്പുകളുടെ കടല്‍ തിളക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അടുത്തറിയാത്ത മനുഷ്യജീവിതത്തിന്‍െറ അറിയപ്പെടാത്ത ഇടങ്ങളിലേക്ക് തുറന്നുവെച്ച കണ്ണ് ഇത്രപെട്ടെന്ന് അടയരുതായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.