ദുബൈ: യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച നിലയിൽ ദുബൈ വിമാനത്താവളത്തിൽ 36.7കിലോ കഞ്ചാവ് പിടികൂടി. ആഫ്രിക്കൻ രാജ്യക്കാരനായ ഒരാളുടെ രണ്ടു ബാഗുകളിൽനിന്നാണ് ഒളിച്ചു കടത്തുന്നതിനിടെ വലിയ തോതിൽ കഞ്ചാവ് കണ്ടെടുത്തതെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു. ലഗേജുകൾ സ്കാനിങ് ചെയ്യുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളോടൊപ്പമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
ആദ്യത്തെ ബാഗിൽ 16.86 കിലോഗ്രാം കഞ്ചാവും രണ്ടാമത്തേതിൽ 19.9 കിലോയുമാണ് ഉണ്ടായിരുന്നത്. കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു.
നിരോധിത വസ്തുക്കൾ കള്ളക്കടത്ത് നടത്തുന്നത് തടയുന്നതിൽ ദുബൈ പൊലീസ് വിജയകരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും ദേശീയദൗത്യം നിർവഹിക്കുന്നതിൽ അഭിമാനമുണ്ടെന്നും കസ്റ്റംസ് വിഭാഗം പാസഞ്ചർ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ഇബ്രാഹീം കമാലി പറഞ്ഞു. മസാലകൾ, ഉണക്കമീൻ എന്നിവ പോലുള്ള രൂക്ഷഗന്ധമുള്ള ഭക്ഷ്യ വസ്തുക്കളിൽ ഒളിപ്പിച്ചും ശരീരത്തിൽ ചേർത്തുവെച്ചും നിരോധിത വസ്തുക്കൾ കടത്താറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരഭാഷ നോക്കിയും മറ്റും കള്ളക്കടത്തുകാരെ തിരിച്ചറിയാൻ വിവിധ പരിശീലനങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.