ദുബൈ: ത്രീഡി പ്രിൻറിങ് ലാബ് ഉപയോഗം വഴി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ) രണ്ടു വർഷത്തിൽ ലാഭിച്ചത് അഞ്ചുലക്ഷത്തിലേറെ ലാഭം. ‘ദീവ’യുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് സെൻററിലാണ് ത്രീഡി ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ 2021, 2022 വർഷങ്ങളിൽ മാത്രം 1,800 സ്പെയർ പാർട്സുകളാണ് പുതിയ സംവിധാനം വഴി വികസിപ്പിച്ചത്. വിവിധ മെഷീനുകളുടെയും മറ്റും സ്പെയർ പാർട്സുകൾ മാറ്റിസ്ഥാപിക്കാനുള്ള സമയവും അധ്വാനവും കുറക്കാനും ത്രീഡി സംവിധാനം ഉപയോഗപ്പെടുത്തിയതിലൂടെ സാധിച്ചതായി അധികൃതർ വെളിപ്പെടുത്തി.
ഒന്നിലേറെ ത്രീഡി പ്രിൻറിങ് സംവിധാനമാണ് ‘ദീവ’യിൽ ഉപയോഗിച്ചുവരുന്നത്. വിപണിയിൽ ലഭ്യമല്ലാത്ത സ്പെയർ പാർട്സുകളടക്കം വികസിപ്പിക്കാനും നിർമിക്കാനും സംവിധാനം വഴി സാധിക്കുന്നുണ്ട്. ലോഹങ്ങളും മികച്ച ഗുണനിലവാരമുള്ള തെർമോ പ്ലാസ്റ്റിക്കും അടക്കം 20 മെറ്റീരിയലുകളാണ് പ്രിന്റിങ്ങിന് ഉപയോഗിക്കുന്നത്. ആഭ്യന്തരമായിത്തന്നെ സ്പെയർപാർട്സുകളടക്കം വികസിപ്പിക്കുക എന്ന ലക്ഷ്യംവെച്ചാണ് റിസർച് ആൻഡ് ഡെവലപ്മെന്റ് സെൻററിന്റെ കീഴിൽ ലാബ് വികസിപ്പിച്ചത്. നൂതനമായ സംവിധാനം പൂർണമായും ഗുണകരമാണെന്നാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഫലം വ്യക്തമാക്കുന്നത്. സ്പെയർ പാർട്സുകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ഉപകരണങ്ങൾ മുഴുവനായും മാറ്റിസ്ഥാപിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ ലാബിന്റെ പ്രവർത്തനംവഴി സാധിക്കുന്നുണ്ടെന്ന് ‘ദീവ’ എക്സി. വൈസ് പ്രസിഡൻറ് വലീദ് ബിൻ സൽമാൻ പറഞ്ഞു.
പ്രവർത്തനം ആരംഭിച്ചശേഷം ‘ദീവ’യുടെ റിസർച് ആൻഡ് ഡെവലപ്മെന്റ് സെൻറർ 23 പേറ്റൻറ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ ആറെണ്ണം നിലവിൽ അംഗീകാരം നേടിയിട്ടുണ്ട്. അപേക്ഷിച്ചവയിൽ മൂന്നെണ്ണം ത്രീഡി പ്രിന്റിങ്ങുമായി ബന്ധപ്പെട്ട പുതിയ കണ്ടുപിടിത്തങ്ങളാണ്. ഇതിനുപുറമെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിലും പ്രസിദ്ധീകരണങ്ങളിലും 157 ഗവേഷണപ്രബന്ധങ്ങളും സെന്റർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ 14 ഗവേഷണ പ്രബന്ധങ്ങൾ ത്രീഡി പ്രിന്റിങ്ങുമായി ബന്ധപ്പെട്ടവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.