റാസല്‍ഖൈമ: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ 40 ശതമാനത്തിന്റെ വരുമാന വര്‍ധനയോടെ റാക് പ്രോപ്പര്‍ട്ടീസ് മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചതായി അധികൃതർ. 2024ലെ പദ്ധതികളില്‍ നിന്നുള്ള ലാഭം റാസല്‍ഖൈമയിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ പുനര്‍ നിക്ഷേപിക്കുമെന്നും റാക് പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ചു. പദ്ധതി വികസനം ത്വരിതപ്പെടുത്തുന്നതിനും ആസ്തി മൂല്യം വര്‍ധിപ്പിക്കുന്നതിനും റാസല്‍ഖൈമയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ തന്ത്രപരമായി സമീപിക്കുന്നത് നേട്ടമാകുമെന്ന് വാര്‍ഷിക പൊതുയോഗം വിലയിരുത്തി.
2023ല്‍ ഒരു 100 കോടി ദിര്‍ഹമായിരുന്നു റാക് പ്രോപ്പര്‍ട്ടീസിന്റെ വരുമാന നേട്ടം. 2024ല്‍ ഇത് 140 കോടി ദിര്‍ഹമായി ഉയര്‍ന്നു. ലാഭക്ഷമതയിലും ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. നികുതി ഉള്‍പ്പെടാതെയുള്ള ലാഭം 52 ശതമാനമാണ് വര്‍ധിച്ചത്. 2023ല്‍ 20.2 കോടി ദിര്‍ഹമായിരുന്നത് 2024ല്‍ 30.8 കോടി ദിര്‍ഹമായി ഉയര്‍ന്നു. അറ്റാദായത്തില്‍ 39 ശതമാനത്തിന്റെയും കമ്പനിയുടെ ആസ്തികളില്‍ 24 ശതമാനത്തിന്റെയും വര്‍ധനയും കൈവരിച്ചു. 2024 സാമ്പത്തിക വര്‍ഷത്തിലെ ലാഭ വിഹിതം വിതരണം ചെയ്യാത്തതും ഭാവിയിലെ വളര്‍ച്ചക്കായി ലാഭം പുനര്‍ നിക്ഷേപിക്കല്‍, കമ്യൂണിറ്റി സേവനത്തിന് 12 ലക്ഷം ദിര്‍ഹം അനുവദിക്കല്‍ തുടങ്ങിയ പ്രമേയങ്ങള്‍ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.
റാസല്‍ഖൈമയുടെ ഭാവി രൂപപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും റാക് പ്രോപ്പര്‍ട്ടീസ് പ്രതിജ്ഞാബദ്ധമാണെന്ന് ചെയര്മാന് അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍ സാബി അഭിപ്രായപ്പെട്ടു. അസാധാരണമായ സാമ്പത്തിക വളര്‍ച്ചയുടെ ഒരു വര്‍ഷമാണ് പിന്നിട്ടത്. നിക്ഷേപം, ടൂറിസം, സുസ്ഥിര വികസനം എന്നിവയില്‍ വളര്‍ന്നു വരുന്ന കേന്ദ്രമായി റാസല്‍ഖൈമ അംഗീകരിക്കപ്പെട്ടതാണ് റാക് പ്രോപ്പര്‍ട്ടീസിന്റെ ജൈത്രയാത്രക്ക് നിദാനം. മികച്ച വിജയ സാധ്യതയുള്ള പദ്ധതികളില്‍ വീണ്ടും നിക്ഷേപിക്കുന്നതിലൂടെ റാസല്‍ഖൈമക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരുമെന്നും റാക് പ്രോപ്പര്‍ട്ടീസ് ചെയര്മാന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.