അബൂദബി: തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലുമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി 53 പാർക്കുകളും കളിസ്ഥലങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. നഗരാതിർത്തിയിലെ പാർക്കുകൾക്കായുള്ള വികസന പദ്ധതിയിൽ 28 പാർക്കുകളും 23 ഗെയിമിങ് സൈറ്റുകളും ഉൾപ്പെടുന്ന പുതിയ പ്രോജക്ടുകളിൽ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിെൻറ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നൂതന സാങ്കേതികവിദ്യകളാവും നടപ്പാക്കുക.
താമസക്കാരെ സംതൃപ്തിപ്പെടുത്താനും ജീവിതനിലവാരം ഉയർത്താനും കുടുംബങ്ങൾക്ക് വിനോദ ഇടങ്ങൾ നൽകാനുമാണ് കൂടുതൽ പുതിയ പാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കുന്നത്.
കഴിഞ്ഞവർഷം ഷഖ്ബൂത്ത് നഗരത്തിൽ നാല് പാർക്കുകൾ പൂർത്തിയാക്കി.
അൽ ഫലാഹ്, അൽ ഷംഖ പ്രദേശങ്ങളിലെ ഗാർഡനുകളുടെ പുനർനിർമാണം ഉൾപ്പെടെ ഭാവിയിലെ പുതിയ ഉദ്യാന പദ്ധതികൾ സ്ഥാപിക്കാനുള്ള പഠനങ്ങളും നടക്കുന്നുണ്ട്. രണ്ടാംഘട്ടത്തിൽ അൽ ബാഹിയ, അൽ ഷഹാമ പ്രദേശങ്ങളിൽ മൂന്നുപാർക്കുകളും അൽ സദറിൽ പൂന്തോട്ടവും കളിസ്ഥലവും സ്ഥാപിക്കും.
ബനിയാസ് പ്രദേശത്ത് മൂന്നു പാർക്കുകൾ, ഷഖ്ബൂത്ത് സിറ്റിയിൽ എട്ട്, അൽ ഷവാമെഖ്, അൽ മുഅസ് പ്രദേശങ്ങളിൽ മൂന്ന്, അൽ വത്ബ, ബനിയാസ്, അൽ മുഅസാസ്, അൽ നഹ്ദ പ്രദേശങ്ങളിൽ നാല്, അൽ ഷവമെഖ് പ്രദേശത്ത് മൂന്നു പാർക്കുകൾ വീതം നിർമിക്കും.
ഇതിന് പുറമെ കുട്ടികളുടെ കളിസ്ഥലവും സ്ഥാപിക്കും.
മുസഫയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നാല് പൊതു പാർക്കുകളും 20 കളിസ്ഥലങ്ങളും കുട്ടികൾക്കായി നിർമിക്കും. അൽ ഫല ജില്ലയിലെ നാല് പാർക്കുകളും പദ്ധതികളിൽ ഉൾപ്പെടും.
പുതിയ പ്രോജക്ടുകളിൽ ഊർജ സംരക്ഷണത്തിനായി പൂർണമായും എൽ.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിക്കുക. നൂതന ജലസേചന രീതികളും ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.