ദുബൈ: ലോകത്തിലെ വലിയ ടെക് ഷോയിൽ ഒന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ്) ഇക്കുറി പറക്കും കാറും എത്തും. ചൈനീസ് കമ്പനിയായ ഇവിടോൾ ആണ് രണ്ട് പേർക്കിരിക്കാവുന്ന പറക്കും കാർ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ മാസം 10 മുതൽ 14 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് ജൈടെക്സ് അരങ്ങേറുന്നത്.
ഭാവിയുടെ വാഹനം എന്നാണ് പറക്കും കാർ അറിയപ്പെടുന്നത്. ദുബൈയിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി വിമാനത്താവളം നിർമിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന കാറുകൾക്ക് പുറമെ ഓൺലൈൻ ഡെലിവറി വസ്തുക്കളും ഇത്തരം വാഹനങ്ങൾ വഴി എത്തിക്കാൻ പദ്ധതിയുണ്ട്. ഇന്ന് തുറക്കുന്ന എക്സ്പോ നഗരിയിലും ഭാവിയിൽ ആളില്ലാ വാഹനങ്ങൾ എത്തിക്കാൻ പദ്ധതിയുണ്ട്. ഇതിന് മുന്നോടിയായാണ് ജൈടെക്സിൽ പറക്കും കാർ എത്തുന്നത്. ടെക് കമ്പനിയായ എക്സ് പെങ്ങും ഇ.വി മാനുഫാക്ചററുമാണ് പറക്കും കാർ വികസിപ്പിച്ചത്. കുത്തനെ പറന്നുയരാനും താഴാനും കാറിന് കഴിയും.
ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ പിന്തുണയോടെയാണ് കാർ വികസിപ്പിച്ചത്. ഇലക്ട്രിക് കാറാണിത്. സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറിൽ നൂതന ഫ്ലൈറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ വർഷത്തെ ജൈടെക്സിൽ 5000ത്തോളം കമ്പനികളുണ്ടാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.