അപരിഷ്കൃതരും നാഗരികരുമല്ല എന്ന ആരോപണത്തിന് വിധേയരായ ആഫ്രിക്കൻ ജനതയും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിലെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാവപ്പെട്ട മനുഷ്യരും വർണ, വംശീയ, ദേശീയ വ്യത്യസ്ഥതകൾ മറന്ന് യു.എ.ഇയിൽ ജീവിക്കുന്നതിന്‍റെ രസതന്ത്രം എന്താണ്?, ഈ രാജ്യത്തിന്‍റെ മുഖ്യ സവിശേഷതയായി എങ്ങനെ അത് മാറി?. അതിന് ഒറ്റ ഉത്തരമേയുള്ളൂ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ മുന്നോട്ടുവെച്ച നിലപാട്.
ലോകം വലുതാക്കും തോറും മനുഷ്യർ ചെറുതാകുന്ന അവസ്ഥയിലാണ് ഇക്കാലത്തെ ജീവിതം. അത്തരം ജീവിതത്തിലെ ചിലർ തനിക്ക് അന്യമായ ഒരിടത്ത് എത്തിച്ചേരുകയും അവിടുത്തെ സാമൂഹിക ജീവിതാവസ്ഥയെ തന്‍റേതുകൂടിയാക്കി പരുവപ്പെടുത്തുന്നുമുണ്ട്. അവിടെ ഭാഷ, സംസ്കാരം, ദേശാതിർത്തി, വിശ്വാസം തുടങ്ങിയ എല്ലാ വിഭിന്ന ജീവിതാവസ്ഥകളെയും ഉൾക്കൊള്ളാൻ എത്ര രാഷ്ട്രങ്ങൾക്ക് കഴിയുന്നുണ്ട്?. അത് സാധ്യമാകണമെങ്കിൽ സഹിഷ്ണുത ആ രാജ്യത്തിന്‍റെ മുഖമുദ്രയാവണം.
ആധുനിക രാഷ്ട്ര വ്യവഹാരങ്ങളിൽ നിന്ന് സഹിഷ്ണുത അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അതേസമയം സാംസ്കാരികവും വൈജ്ഞാനികവും ശാസ്ത്രീയവുമായ പുരോഗതിയിലേക്ക് രാഷ്ട്രങ്ങൾ കുതിക്കുകയാണ്. അവിടെയൊക്കെ മനുഷ്യർ സാമൂഹിക ജീവിതത്തിൽ സംതൃപ്തരാണോ എന്നതാണ് പ്രധാന ചോദ്യം.
ഈ ചോദ്യം നിലനിൽക്കെ ലോകത്തിന്‍റെ ഭൗതിക ജ്ഞാനപരിസരം ഇത്രയൊന്നും വികസിക്കാത്ത കാലത്ത് വ്യത്യസ്ത സാംസ്കാരിക മനുഷ്യരെ ചേർത്തുപിടിച്ച രാഷ്ട്രത്തിന്‍റെ പേരാണ് യുനൈറ്റഡ് അറബ് എമിറേറ്റസ്(യു.എ.ഇ). പല രീതിയിലുള്ള സാമൂഹികവ്യവസ്ഥയിൽ നിന്ന് വന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന രീതിയാണ് ഈ അറബ് ദേശത്തിന്‍റേത്.
ഇത് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലും നിലനിന്നിരുന്നു. പ്രത്യേകിച്ചും, മലബാറുമായുള്ള അറബികളുടെ വ്യാപാര ബന്ധങ്ങളും അതുവഴി രൂപപ്പെട്ട വിവാഹബന്ധങ്ങളും. ഇതൊക്കെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സത്യങ്ങളാണ്. എന്നാൽ 1960കൾക്ക് ശേഷം ശക്തിപ്പെട്ട ഗൾഫ് കുടിയേറ്റത്തിന്‍റെ വളർച്ച 1991ലെ കുവൈത്ത് യുദ്ധത്തിനുശേഷം പാടെ മാറി.
പിന്നീട് ഉണ്ടായ തൊഴിൽ കുടിയേറ്റത്തിന്‍റെ ഒഴുക്ക് മലയാളിയുടെ ദേശ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഒട്ടനവധിയാണ്. അതിൽ എടുത്തു പറയേണ്ടത് കേരളത്തിലെ അടിത്തട്ട് ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളാണ്. പ്രത്യേകിച്ചും, ഭൂമിക്ക് മുകളിൽ അധികാരമില്ലാത്തവരും കീഴ് ജാതി മനുഷ്യർക്കും വിദ്യാഭ്യാസരംഗത്ത് ഇടം കിട്ടിയതാണ്.
പാരമ്പര്യമായി അവിടെ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞത് സവർണർ അടക്കമുള്ള ഉപരിവർഗത്തിനായിരുന്നു. അതിന് കഴിയാത്ത മനുഷ്യർക്ക് അതിലേക്കുള്ള വഴി നിർമിക്കാൻ അവസരം ഒരുക്കിയത് ഗൾഫ് കുടിയേറ്റമാണ്.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മനുഷ്യർക്ക് അവരുടേതായ മതം, സംസ്കാരം, ജീവിതരീതി, ഭാഷ തുടങ്ങിയവ നിത്യ ജീവിത വ്യവഹാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്. അതൊക്കെ സമ്മർദമില്ലാതെ അനുഭവിക്കാൻ കഴിയുമ്പോഴാണ് ഒരു വ്യക്തിക്ക് മറ്റൊരു ദേശത്ത് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നത്.
വിശ്വാസത്തെ, ഭാഷയെ, സംസ്കാരത്തെ ഒക്കെ മാറ്റിനിർത്തി എത്തിപ്പെട്ട ദേശത്തെ ഭാഷ മാത്രം സംസാരിക്കുക, അവിടുത്തെ സാംസ്കാരിക വിനിമയവുമായി ബന്ധപ്പെട്ട് ജീവിക്കുക, അവിടുത്തെ മതവിശ്വാസത്തിന്‍റെ ഭാഗമാവുക, ഇതൊക്കെ അടിച്ചേൽപ്പിക്കപ്പെടുന്നിടത്ത് ജീവിതം ദുസഹമായിരിക്കും.
യു.എ.ഇയെ സംബന്ധിച്ച് മേൽപ്പറഞ്ഞ ഓരോ കാര്യങ്ങളും വ്യക്തിയുടെ സ്വതന്ത്ര വിവേചനാധികാര പരിതിയിൽപ്പെട്ടതാണ്. ഈ രാജ്യത്ത് എത്തിച്ചേരുന്ന ഓരോ മനുഷ്യനും അവരുടേതായ മതവിശ്വാസത്തെ ആചരിക്കാം.
മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യപ്പെടാൻ പോവുകയാണ്. ഈ ക്ഷേത്രം ലോകത്തിനു നൽകുന്ന മഹത്തായ സന്ദേശമുണ്ട്. മതം വിദ്വേഷത്തിന്‍റെ ഉപകരണമാകരുത്. ഓരോ വ്യക്തിയുടെയും വിശ്വാസം എവിടെയായാലും ആചരിക്കാനും നിലനിർത്താനും എത്തിപ്പെട്ട രാജ്യം വിഘാതമാകരുത്. അതിനൊരു ഇടം നൽകുന്നത് നല്ല രാഷ്ട്രത്തിന്‍റെ തെളിവാണ്.
അത്തരമൊരു തീരുമാനത്തിൽ രാജ്യത്തിന് എത്താൻ കഴിയുന്നത് ആ രാജ്യത്ത് സഹിഷ്ണുത നിലനിൽക്കുന്നതുക്കൊണ്ടാണ്. അവിടെ ഒരു മതവിശ്വാസവും അധികാരത്തിന്‍റെയോ ന്യൂനപക്ഷത്തിന്‍റെയോ അടിസ്ഥാനത്തിൽ നിരാകരിക്കപ്പെടേണ്ടതല്ല. ഈ സന്ദേശമാണ് അബൂദാബിയിലെ ഹിന്ദു ക്ഷേത്ര നിർമ്മാണം ലോകത്തിന് നൽകുന്നത്.
ഇത് ഏതെങ്കിലും പ്രത്യേക മതത്തോടുള്ള താല്പര്യത്തിന്റെ ഭാഗമായി സംഭവിക്കുന്നതല്ല. മറിച്ച്, ലോകത്തിലെ വ്യത്യസ്തരായ മനുഷ്യർ അവരുടെ വിശ്വാസത്തെ ചേർത്ത് പിടിച്ച് ജീവിക്കട്ടെ എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ആഫ്രിക്കക്കാരനും ഏഷ്യക്കാരനും യൂറോപ്യനും പശ്ചിമേഷ്യക്കാരനും ഒരേ ഇടത്തിരുന്ന് ജോലി ചെയ്തു അവരവരുടേതായ സാംസ്കാരിക അസ്ഥിത്വത്തെ നിലനിർത്താൻ കഴിയുന്നത്. ഇത് സ്വാഭാവികമായി പാലിക്കപ്പെടുന്നതല്ലേ എന്ന ചിന്ത ചിലരെങ്കിലും ഉണ്ടാവാം.
എന്നാൽ ഇത്തരം മനുഷ്യരിൽ പലരും സ്വന്തം രാജ്യത്ത് വിശ്വാസത്തിന്‍റെ പേരിൽ ഇരകളാക്കപ്പെട്ടവരാണ്. യുദ്ധം നടന്ന രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി എത്തിയവർ. അവർ തൊഴിൽ ജീവിതം നയിക്കുന്നത് യു.എ.ഇയിലാണ്. ഇവിടെ മേധാവിത്വത്തിന്റെ ഭാഷയില്ല.അതാകട്ടെ മറ്റുള്ളവർക്ക് അനുവദനീയവുമല്ല. അങ്ങനെ സംഭവിക്കുമ്പോഴാണ് പിന്നീടത് വിദ്വേഷത്തിന്റെയും ശത്രുതയുടെയും വിത്തായി മാറുന്നത്.
ആ വിത്തുകൾ മുളക്കുമ്പോഴാണ് സമാധാനത്തിന്റെ മണ്ണ് കലുഷിതമാകുന്നതും മനുഷ്യർ അശാന്തരും ഇരകളുമായി തീരുന്നത്. ഇതിനെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നത് ഓരോ രാജ്യത്തിന്റെയും രാഷ്ട്ര സമീപനത്തിന്റെയും സാമൂഹിക നിലപാടിന്റെയും ഭാഗമായിട്ടായിരിക്കും. ആ അർത്ഥത്തിൽ യു.എ.ഇ മുന്നോട്ടുവെച്ചത് സാംസ്കാരിക വൈരുധ്യങ്ങളെ നിലനിർത്തി മാനവ ഐക്യത്തെ വളർത്തിയെടുക്കുക എന്നതാണ്.
ഈ സാംസ്കാരിക ഐക്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് വ്യക്തികൾക്ക് അവരുടെതായ വിശ്വാസങ്ങളെ പാലിക്കാനുള്ള സ്വാതന്ത്ര്യം നൽകികൊണ്ടാണ്. ഈ രീതി ലോകത്തിന് മാതൃകയാക്കാവുന്നതാണ്.
ഈ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതൽ മലയാളികൾ യു.എ.ഇയിൽ ജീവിക്കുന്നത്. അതൊരു തൊഴിൽ കുടിയേറ്റം എന്നതിനപ്പുറം അറബ് മലയാളി സൗഹൃദ പാലമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ടതാണത്. അതുവഴിയുള്ള യാത്രയിൽ മലയാളിക്ക് യു.എ.ഇ പെറ്റമ്മ നാടാണ്. അവിടെ നാം നിർവഹിക്കുന്നത് തൊഴിൽ ചെയ്തു സമ്പത്ത് ഉണ്ടാക്കുക, മെച്ചപ്പെട്ട ജീവിതം നയിക്കുക എന്നത് മാത്രമല്ല.
അതിനപ്പുറം ഇന്ത്യയിലെ ഒരു സംസ്ഥാനം എന്ന രീതിയിൽ കേരളത്തോട് യു.എ.ഇക്കുള്ള ആത്മബന്ധത്തെക്കൂടി ബലപ്പെടുത്തുന്നുണ്ട്. പ്രളയ കാലത്ത് നാം അത് അനുഭവിച്ചതാണ്. മാത്രമല്ല, മലയാളിക്ക് അവന്‍റെ വ്യത്യസ്തമായ കഴിവുകളെ വിജയിപ്പിച്ചെടുക്കാനായതിൽ ഈ മണ്ണിന് നിർണായക പങ്കുണ്ട്.
ഇത് കേവലം സാമ്പത്തിക തലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഡിസംബർ രണ്ടിന് നടക്കാറുള്ള യു.എ.ഇ ദേശീയദിന പരിപാടിയിൽ മലയാളികൾക്ക് കിട്ടുന്ന സ്ഥാനം സ്വന്തം രാജ്യത്തെ സ്വാതന്ത്ര ദിനാഘോഷത്തിന് തുല്യമാണ്. മലയാളി അത് തിരിച്ചു നൽകുന്നുമുണ്ട്.
കോവിഡ് കാലത്ത് ഈ രാഷ്ട്രം അത് തിരിച്ചറിഞ്ഞതാണ്. അവിടെ മലയാളി രാഷ്ട്രമോ, നിറമോ, മതമോ, ഭാഷയോ ഒന്നും പരിഗണിക്കാതെ സ്വാന്തനം കൊണ്ട് എല്ലാവരെയും ചേർത്തുപിടിച്ചു. അന്ന് ആശുപത്രിയിലേക്ക് എത്തിയ ആരോഗ്യ പ്രവർത്തകർ അതിന്‍റെ മാതൃകയായിരുന്നു. ഇങ്ങനെ അറബ് സമൂഹവുമായുള്ള സൗഹൃദപരമായ സാമൂഹിക ജീവിതം നയപരമായി യു.എ.ഇയും കേരളവും തമ്മിലെ ജനോപകാരപ്രദമായ നിരവധി ഇടപെടലുകൾക്ക് ശക്തി പകർന്നു.
അതിന്‍റെ ഊഷ്മളത അനുഭവിക്കാൻ മലയാളിക്ക് കഴിയുന്നു. ഇത് അവരുടെ സാമൂഹിക ജീവിതത്തെക്കൂടി കെട്ടുറപ്പുള്ളതാക്കുന്നു. മൂന്നാം തലമുറയിൽ എത്തി നിൽക്കുന്ന മലയാളിയുടെ ഗൾഫ് തൊഴിൽ കുടിയേറ്റത്തിൽ ഇത്തരം ചരിത്രയാഥാർഥ്യങ്ങളെ മറന്നുകൂട. അത് ഈ കാലത്തിന്‍റെ ആവശ്യകതയാണ്. അതിർത്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ ലോകത്ത് മനുഷ്യർ വേട്ടയാടപ്പെടുമ്പോൾ യു.എ.ഇ ലോകത്തിന് നൽകുന്നത് സഹിഷ്ണുതയുടെ സന്ദേശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.