മുഹമ്മദലി 

കോവിഡ് ബാധിതനായ കണ്ണൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി

അബൂദബി: കോവിഡ്​ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ആയിക്കര തരിമൂപ്പൻറകത്ത് അബ്​ദുൽ കാദറി​െൻറ മകൻ മുഹമ്മദലി (67) ഹൃദയാഘാതംമൂലം നിര്യാതനായി. രണ്ടു വൃക്കകളും തകരാറിലായതിനെ തുടർന്ന് ദീർഘകാലമായി മഫ്‌റഖ് ഡയാലിസിസ് സെൻററിൽ ചികിൽസയിൽ കഴിയുകയായിരുന്നു.

തിങ്കളാഴ്ച പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. തുടർന്ന്​ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്​തെങ്കിലും ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൃതദേഹം ബുധനാഴ്ച ബനിയാസിൽ ഖബറടക്കി.

മുസഫയിലെ കോൺട്രാക്ടിങ് കമ്പനിയിൽ ദീർഘകാലം ജീവനക്കാരനായിരുന്നു. 10 മാസത്തെ ശമ്പളവും അവസാനത്തെ സേവന ആനുകൂല്യങ്ങളും നൽകാതെ 2016ൽ കമ്പനിയിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്ന് ശമ്പള കുടിശികയും ആനുകൂല്യത്തിനുമായി ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതി വിധിയനുസരിച്ച് 1,13,000 ദിർഹം കമ്പനിയിൽ നിന്നു കിട്ടിയശേഷം നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടയിലാണ് മരണം.

ശമ്പളവും ആനുകൂല്യവും നൽകാതെ ജോലിയിൽ നിന്നു പിരിച്ചു വിട്ട വിഷമത്തിലായിരുന്നു. ഡയാലിസിസ് മുടങ്ങാതിരിക്കാൻ 10 വർഷമായി നാട്ടിൽ പോകാതെ കഴിയുകയായിരുന്നു.

അബൂദബി കോപ്പർ ഫീൽഡ് കമ്പനിയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മൂത്ത മകൻ മുഹമ്മദ് ഫായിസിനൊപ്പമായിരുന്നു 2016 മുതൽ താമസം. മുഹമ്മദലി നിത്യ രോഗിയായതോടെ 2018ൽ ഭാര്യ ഫാത്തിമ അലിയും അബൂദബിയിലെത്തിയിരുന്നു. രണ്ടാമത്തെ മകൻ മുഹമ്മദ് ഫൈസൽ മുസഫയിലെ അൽ മൻസൂരി കമ്പനിയിൽ ജോലി ചെയ്യുന്നു.

സഹോദരൻ ഹാഷിം, ദാസ് ഐലൻഡിൽ അബൂദബി ഏവിയേഷൻ ജീവനക്കാരനാണ്.ശമ്പള കുടിശിഖ കിട്ടിയാൽ 82 വയസുള്ള മാതാവ് ഫാത്തിബിക്കരികിലെത്തണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മുഹമ്മദലി മടങ്ങിയത്.

Tags:    
News Summary - Death news,muhammedali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.