ദുബൈ: നിർമിത ബുദ്ധി, വെബ് 3.0 തുടങ്ങിയ നവസാങ്കേതിക വിദ്യകളുടെ വികസനം ലക്ഷ്യമിട്ട് ദുബൈയിൽ പുതിയ ഐ.ടി കാമ്പസ് ആരംഭിക്കുന്നു. ആഗോള തലത്തിൽ 500ലധികം കമ്പനികളുടെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം.
2028ഓടെ ഇതുവഴി 3000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുമെന്ന് ദുബൈ ഇന്റർനാഷനൽ ഫിനാൻസ് സെന്റർ (ഡി.ഐ.എഫ്.സി) സി.ഇ.ഒ മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. ഒരുലക്ഷം ചതുരശ്ര അടിയിൽ ഡി.ഐ.എഫ്.സി പരിസരത്താണ് കാമ്പസിന്റെ നിർമാണം.
എമിറേറ്റിലെ ഐ.ടി വ്യവസായ രംഗത്തെ ത്വരിതപ്പെടുത്തുന്നതിനായുള്ള പ്രോഗ്രാമുകൾ, വിവിധ കമ്പനികളുമായി സഹകരിച്ചുള്ള തൊഴിലിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നിലവിൽ ഡി.ഐ.എഫ്.സിയിൽ 686 കമ്പനികൾ സഹകരിക്കുന്നുണ്ട്. 2022ൽ 615 ദശലക്ഷം ഡോളറിന്റെ ഫണ്ട് രാജ്യത്തേക്ക് എത്തിക്കാൻ ഇതുവഴി കഴിഞ്ഞു. നിർമിത ബുദ്ധി, വെബ് 3.0 എന്നീ സാങ്കേതിക വിദ്യകളിൽ ആഗോള നേതൃനിരയിലെത്തുകയെന്ന എമിറേറ്റിന്റെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.