ദുബൈ: ഏക സിവിൽകോഡ് എതിർക്കപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് എം.എൽ.എ. ഓർമ ദുബൈ മൂന്നാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ദുബൈ യു.വി. ഗോപകുമാർ/സലിം നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കേണ്ടതിന്റെ അനിവാര്യ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഓർമ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ് അധ്യക്ഷനായി. നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ, ഓർമ രക്ഷാധികാരിയും പ്രവാസി ക്ഷേമബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ്, മാസ് ഷാർജ പ്രതിനിധി ഹമീദ്, ശക്തി അബൂദബിയിൽനിന്നും കൃഷ്ണകുമാർ, ചേതന റാസ് അൽ ഖൈമയിൽ നിന്നും സജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓർമയുടെ അഞ്ചു വിവിധ മേഖലകളിൽ നിന്നായി 642 പ്രതിനിധികൾ പങ്കെടുത്തു.
വിജിഷ സജീവൻ അനുശോചന പ്രമേയവും സെക്രട്ടറി അനീഷ് മണ്ണാർക്കാട് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.അടുത്ത വർഷത്തേക്കുള്ള 25 അംഗ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രദീപ് തോപ്പിൽ, പ്രസിഡന്റായി ഷിജു ബഷീർ, ട്രഷററായി സന്തോഷ് മാടാരി എന്നിവരെ തെരഞ്ഞെടുത്തു.
പ്രവാസികളുടെ വിമാനയാത്രാ പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പു മേധാവികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇരുപതോളം പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് എം. സ്വരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓർമ കലാകാരന്മാർ അവതരിപ്പിച്ച ശിങ്കാരി മേളവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.