അബൂദബി: ഈ വർഷം രണ്ടാം പാദത്തില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രികരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെയാണ് യാത്രികരുടെ എണ്ണം വര്‍ധിച്ചത്. ജൂണില്‍ അവസാനിച്ച മൂന്നുമാസം വരെ 36 ലക്ഷംപേരാണ് സഞ്ചരിച്ചത്. 2021ലെ ഇതേ കാലയളവില്‍ ഉണ്ടായിരുന്ന യാത്രികരേക്കാള് അഞ്ചിരട്ടി വര്‍ധനവാണ് 2022ല്‍ ഉണ്ടായതെന്ന് അബൂദബി വിമാനത്താവളത്തിലെ ചീഫ് കൊമേഴ്സ്യല്‍ ഓഫിസർ ഫ്രാങ്കോയിസ് ബൂറിയന് പറയുന്നു. 2022ലെ ആദ്യ ആറുമാസത്തില്‍ 62 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലെത്തി. കോവിഡ് പരിശോധന കുറച്ചതും ബ്രിട്ടന്, സൗദി അറേബ്യ, ഇന്ത്യ തുടങ്ങിയ സുപ്രധാന വിപണികള്‍ തുറന്നതുമാണ് യാത്രികരുടെ വലിയ വര്‍ധനവിനു കാരണമെന്നും ഫ്രാങ്കോയിസ് പറഞ്ഞു.
ഈ വര്‍ഷം 1.3 കോടി യാത്രികരെയാണ് അബൂദബി വിമാനത്താവളങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 1.07 കോടി സഞ്ചാരികളെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കൂടുതല്‍ യാത്രികര്‍ എത്തിത്തുടങ്ങിയതോടെയാണ് ഇപ്പോള്‍ പ്രതീക്ഷിത സഞ്ചാരികളുടെ എണ്ണം ഉയര്‍ത്തിയത്. സ്കൂള്‍ അടച്ചതും ബലിപെരുന്നാള്‍ ഒപ്പം വന്നതുമെല്ലാം കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് ഉണ്ടാക്കിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 28 ലക്ഷം യാത്രികര്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് അധികൃതര്‍ നേരത്തെ കണക്കുകൂട്ടിയിരുന്നു.
കോവിഡിനുമുമ്പ് ദുബൈ എയര്‍പോര്‍ട്ടില്‍നിന്ന് വര്‍ഷത്തില്‍ 8.94 കോടി ആളുകളാണ് യാത്ര ചെയ്തിരുന്നത്. 2020ല്‍ ഇത് 2.59 കോടിയായി കുറഞ്ഞു. 2021ലാണ് 2.91 കോടിയായി ഉയര്‍ന്നത്. ഈ വര്‍ഷം വിമാനത്താവളത്തിൽ ആകെ 6.24 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ 5.83 കോടിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. അവസാന പാദത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും മികച്ച രീതിയിൽ ജോലിസ്ഥലം രൂപകൽപന ചെയ്തതിന് കഴിഞ്ഞയാഴ്ച ദുബൈ വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു. അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ ഈ വര്‍ഷം മേയ് വരെ വിമാന സര്‍വിസുകളുടെ എണ്ണത്തിലും 38.8 ശതമാനം വര്‍ധനയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.