അബൂദബി: ബലിപെരുന്നാളും സ്കൂള്‍ വേനലവധിയും ഒരുമിച്ചുവന്നതോടെ തിരക്കുകളിൽപെട്ട് യാത്ര മുടങ്ങാതിരിക്കാന്‍ അധികൃതരുടെ മുന്നറിയിപ്പ്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. പരമാവധി നേരത്തേ ഇറങ്ങി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നതില്‍ നിന്നൊഴിവാകണം. ജൂലൈ, ആഗസ്റ്റ് മാസങ്ങൾക്കിടയില്‍ മാത്രം 28 ലക്ഷം യാത്രികര്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതില്‍ 4,14,000 യാത്രികരും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ ഏഴു മുതല്‍ 15 വരെയുള്ള കാലയളവില്‍ വിമാനത്താവളം വഴി വന്നുപോകുന്നവരാണ്. അതേസമയം, വിമാനയാത്രക്കാരുടെ ലഗേജുകള്‍ വീട്ടിലെത്തി ശേഖരിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക്ക്ഇന്‍ സര്‍വിസ് അബൂദബിയില്‍ നടപ്പാവുകയാണ്.
വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍നിന്ന് ശേഖരിച്ച് വീട്ടില്‍ എത്തിക്കുകയും ചെയ്യും. ഇതുമൂലം നാട്ടിലേക്കു പോകുമ്പോള്‍ യാത്രക്കാര്‍ക്ക് ലഗേജുകള്‍ ഇല്ലാതെ എയര്‍പോട്ടില്‍ പോകാനാകും. ലഗേജ് ശേഖരിക്കുന്നതോടൊപ്പം ബോഡിങ് പാസും ലഗേജ് ടാഗും നല്കുന്നതിനാല് യാത്രക്കാരന് എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ടതില്ല. നേരെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് അകത്തുകടക്കാം. ടൂറിസം 365ഉം ഒയാസിസ് മി എല്‍.എല്‍.സിയും ചേര്‍ന്നാണ് നൂതന സേവനം ഒരുക്കുന്നത്. സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലാണ് ഇതുസംബന്ധിച്ച ധാരണപത്രം ഒപ്പിട്ടത്. വിമാന യാത്രക്കാര്‍ക്ക് ആയാസരഹിത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബൂദബി നാഷനല്‍ എക്സിബിഷന്‍സ് കമ്പനി സി.ഇഒ.യും എം.ഡിയുമായ ഹുമൈദ് അല്‍ ദാഹിരി പറഞ്ഞു.
ഒയാസിസുമായി സഹകരിച്ചുള്ള നവീന സേവനം അബൂദബിയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ സഹായകമാണെന്ന് ടൂറിസം 365 സി.ഇ.ഒ റൗല ജോണി അഭിപ്രായപ്പെട്ടു. യാത്രക്കാര്‍ക്ക് ഏറെ സൗകര്യവും സുരക്ഷയും മനസ്സമാധാനവും നല്കുന്ന പദ്ധതി മധ്യപൂര്‍വ ദേശത്തേക്കു വ്യാപിപ്പിക്കാന്‍ ടൂറിസം 365മായുള്ള സഹകരണം ഗുണംചെയ്യുമെന്ന് ഒയാസിസ് മി എല്‍.എല്‍.സി ചെയര്‍മാനും സി.ഇ.ഒയുമായ ടിറ്റന്‍ യോഹന്നാന് പറഞ്ഞു. ഇതിനു പുറമെ സിറ്റി ചെക്ക് ഇന്‍ സൗകര്യവുമുണ്ടാകും.
നിശ്ചിത കേന്ദ്രത്തിലെത്തി ലഗേജ് നല്കിയാല് എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതാണ് സിറ്റി ചെക്ക് ഇന്‍ സൗകര്യം. സേവനം ആവശ്യപ്പെടാനും ലഗേജിന്റെ നീക്കം നിരീക്ഷിക്കാനും മൊബൈല്‍ ആപ്പും പുറത്തിറക്കും. ഒന്നിലേറെ യാത്രക്കാരുണ്ടെങ്കില്‍ ഗ്രൂപ് ചെക്കിങ്ങിനും അവസരമുണ്ട്. ആപ് വഴി സേവന ഫീസും അടക്കാം. ഈ വര്‍ഷം അവസാനത്തോടെ അബൂദബി വിമാനത്താവളം വഴി 13 ദശലക്ഷത്തിലേറെ പേര് യാത്ര ചെയ്യുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിമാനക്കമ്പനികള്‍ തുടങ്ങിവെച്ച റിമോട്ട് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ് ഓഫ് പോയൻറ് സേവനങ്ങള്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ താമസം ഒഴിവാക്കാന്‍ ഏറെ സഹായകമാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.