അബൂദബി: എമിറേറ്റിൽ മേച്ചിൽ സീസൺ പ്രഖ്യാപിച്ച് അബൂദബി പരിസ്ഥിതി ഏജൻസി. മേയ് 15 മുതൽ ഒക്ടോബർ 15 വരെയാണ് മേച്ചിൽ സീസൺ. കർഷകരുടെ മേച്ചിൽ നടപടികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർഷാവർഷം മേച്ചിൽ സീസൺ പ്രഖ്യാപിക്കുന്നത്. സസ്യജാലങ്ങളുടെ വീണ്ടെടുപ്പിനെ പിന്തുണക്കുന്നതിനും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിനും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും മേച്ചിൽ നിയന്ത്രണം സഹായിക്കും. മേച്ചിൽ സ്ഥലങ്ങളുടെ നിലനിൽപ്പിനെ സഹായിക്കുകയും വരും തലമുറക്കായി അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മേച്ചിൽ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ അബൂദബി പാസാക്കിയത്.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അൽ ദഫ്ര മേഖലയിലെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജൻസിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശങ്ങൾക്ക് കീഴിലാണ് മേച്ചിൽ നിയന്ത്രണ നിയമം കൊണ്ടുവന്നത്. സംരക്ഷിത മേഖലകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിയമം സഹായിക്കും. കർഷകർക്ക് മൃഗങ്ങളുടെ മേച്ചിൽ സ്ഥലം അനുവദിക്കുന്നതിന് പ്രത്യേക ലൈസൻസും അനുവദിക്കുന്നുണ്ട്. യു.എ.ഇ പൗരനും 21 വയസ്സ് പൂർത്തിയായവർക്ക് ലൈസൻസിന് അപേക്ഷ നൽകാം. അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ലൈവ്സ്റ്റോക്ക് ഇൻവന്ററി ലൈസൻസ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.