സ്‌ഫോടനത്തിൽ പരിക്കേറ്റവരെ അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സന്ദർശിക്കുന്നു

അബൂദബിയിലെ സ്‌ഫോടനം: ചികിത്സയിലുള്ളവരെ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് സന്ദർശിച്ചു

അബൂദബി: എയർപോർട്ട് റോഡിലെ റസ്​റ്റാറൻറിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റവരെ അബൂദബി എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്‌സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ സന്ദർശിച്ചു. ആഗസ്​റ്റ് 31ന് രാവിലെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നവരെയാണ് ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് സന്ദർശിച്ചത്. റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്ധനം നിറച്ചശേഷം ഗ്യാസ് കണ്ടെയ്‌നർ ഫിറ്റിങ്‌സ് തെറ്റായി ഘടിപ്പിച്ചതാണ് വാതകച്ചോർച്ചക്കും സ്‌ഫോടനത്തിനും കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

രണ്ട് ഫിലിപ്പീൻസ്​ സ്വദേശികളും ഒരു ശ്രീലങ്കൻ പൗരനുമാണ് കൊല്ലപ്പെട്ടത്. കെ.എഫ്.സി, ഹാർഡീസ് റസ്​റ്റാറൻറുകളാണ് സ്‌ഫോടനത്തിൽ നശിച്ചത്. പാചക വാതക കണക്​ഷനുകളും മറ്റ് ഊർജസ്രോതസ്സുകളും കൈകാര്യം ചെയ്യുമ്പോൾ അതിജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ഈ സംഭവത്തിനുശേഷം പൊതുജനങ്ങളെ ഓർമിപ്പിച്ചു. കെട്ടിടങ്ങളിലെ ഗ്യാസ് വിതരണം, സംഭരണം എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്​ അബൂദബിയിലെ സർക്കാർ ഓഫിസുകൾക്ക് ശൈഖ് ഖാലിദ് നിർദേശം നൽകി. സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടത്തിലെ ഭവനരഹിതരായ 200ലധികം പേരുടെ താമസച്ചെലവ് തൽക്കാലം വഹിക്കാൻ എമിറേറ്റ്‌സ് റെഡ്ക്രസൻറ് തയാറായി. 208 പേർക്ക് കെട്ടിടത്തിലെ സുരക്ഷ ഉറപ്പാക്കുന്നതുവരെ താമസ സൗകര്യം മാറേണ്ട സാഹചര്യത്തിലാണ് പശ്ചിമ അബൂദബിയിലെ റൂളേഴ്‌സ് പ്രതിനിധിയും റെഡ് ക്രസൻറ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാൻ പിന്തുണ ഉറപ്പാക്കിയത്. അബൂദബി സിവിൽ ഡിഫൻസ് പാചക വാതകം എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും അപകടകരമായ വാതക ചോർച്ച എങ്ങനെ തടയാമെന്നും പൊതുജനങ്ങളെ ഓർമിപ്പിക്കുന്ന പട്ടിക പുറത്തിറക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.