ദുബൈ: ആഗോളതലത്തിൽ താങ്ങാവുന്ന ജീവിതച്ചെലവുള്ള 10 വൻ നഗരങ്ങളുടെ പട്ടികയിൽ യു.എ.ഇയിൽനിന്ന് മൂന്ന് നഗരങ്ങൾ ഇടംപിടിച്ചു. ദുബൈ, ഷാർജ, അബൂദബി എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്. കുവൈത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പ്രതിമാസം 6199 ഡോളർ വരുമാനമുള്ള ഒരാൾക്ക് 752.70 ഡോളറാണ് ഈ നഗരങ്ങളിൽ വരുന്ന ജീവിതച്ചെലവ്. അതായത് ഇവിടങ്ങളിൽ ജീവിക്കുന്ന ഒരാൾക്ക് അടിസ്ഥാന ആവശ്യങ്ങൾക്ക് ശേഷവും ശമ്പളത്തിന്റെ വലിയ ഒരു ഭാഗം സൂക്ഷിക്കാൻ കഴിയും.
ഉയർന്ന വരുമാനം നേടാൻ കഴിയുമെങ്കിലും താങ്ങാവുന്നതിലപ്പുറം ജീവിതച്ചെലവ് വരുന്ന നഗരം ന്യൂയോർക്കാണ്. വർക്ക്യാർഡ് റിസർച് എന്ന സംഘടന ആഗോള തലത്തിൽ 20 നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.
ഉയർന്ന വരുമാനവും കുറഞ്ഞ ജീവിത ചെലവും ഉള്ള നഗരങ്ങളിൽ കുവൈത്തിന് ശേഷം അബൂദബിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. അബൂദബിയിൽ ജീവിക്കുന്ന ഒരാളുടെ പ്രതിമാസ വരുമാനം ശരാശരി 7,154 ഡോളറാണ്. ജീവിത ചെലവ് 873.10 ഡോളറും.
റിയാദ് നഗരമാണ് മൂന്നാമതുള്ളത്. ദുബൈയും ഷാർജയും പട്ടികയിൽ നാലാമതാണ്. ഈ നഗരങ്ങളിലെ പ്രതിമാസ വരുമാനം യഥാക്രമം 7118 ഡോളറും 5229 ഡോളറുമാണ്. ദുബൈയിലെ ജീവിത ചെലവ് 1007 ഡോളറും ഷാർജയിൽ 741.30 ഡോളറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.