അബൂദബി: സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വാണിജ്യ കേന്ദ്രങ്ങളിൽ സന്ദർശകർക്ക് സുരക്ഷയൊരുക്കി അബൂദബി. പ്രധാന വാണിജ്യ കേന്ദ്രങ്ങളിൽ സെൻസർ ഘടിപ്പിച്ചാണ് താപനില പരിശോധിക്കുന്നത്. പ്രത്യേക നിയന്ത്രണ മുറികളുമായി ബന്ധിപ്പിച്ചാണ് സെൻസർ റോബോട്ടുകളുടെ വിന്യാസം. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങളും മാളുകളിൽ നടക്കുന്നു.
സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചും സന്ദർശകരുടെ സുരക്ഷക്കായി നൂതന സാങ്കേതികരീതികൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചും അറിയുന്നതിന് അബൂദബി സാംസ്കാരിക-ടൂറിസം വകുപ്പ് യാസ് മാളിൽ അടുത്തിടെ പര്യടന യാത്ര സംഘടിപ്പിച്ചിരുന്നു. അബൂദബി എമിറേറ്റിനുള്ളിലെ ഹോട്ടൽ ആൻഡ് ടൂറിസം മേഖലകളിലെല്ലാം ഗോ സേഫ് സർട്ടിഫിക്കറ്റ് പദ്ധതി നടപ്പാക്കിയശേഷം യാസ് മാളിൽ ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അധികൃതരുടെ യാത്ര. സന്ദർശകരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, മാളിെൻറ എല്ലാ കോണുകളിലും സൈൻ ബോർഡുകളും പോസ്റ്ററുകളും സ്ഥാപിക്കൽ എന്നീ നടപടികൾ കർശനമായി നടപ്പാക്കുന്നതായി അൽദാർ പ്രോപർട്ടീസിനു കീഴിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ റിയൽ എസ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ യാസർ അൽ മർസൂക്കി ചൂണ്ടിക്കാട്ടി. സന്ദർശകരുടെ ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടിയാൽ കൺട്രോൾ റൂമിൽ വിവരമെത്തും.
ഉയർന്ന താപനിലയുള്ളവരെ ക്വാറൻറീൻ ചെയ്യാനുള്ള മുറിയും യാസ് മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർമാരുടെ അടിയന്തര സേവനവും ഉറപ്പാക്കും. ഓരോ 20 മിനിറ്റിലും അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് എസ്കലേറ്ററുകൾ അണുവിമുക്തമാക്കുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴും മാൾ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്താറുണ്ടെന്നും അൽ മർസൂക്കി വ്യക്തമാക്കി. യാസ് മാളിൽ രണ്ടു സുരക്ഷ റോബോട്ടുകൾ സുരക്ഷ നടപടികൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി സർവിസസ് ഡയറക്ടർ സയീദ് അൽ അലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.