അബൂദബി: അതിവേഗം വളരുന്ന തലസ്ഥാന എമിറേറ്റ് എണ്ണയിതര വിദേശ വ്യാപാരത്തിൽ കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ കണക്കുകൾ പുറത്തുവന്നപ്പോൾ 8ശതമാനം വാർഷിക വളർച്ചയാണ് മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ എമിറേറ്റിലെ സാമ്പത്തിക മേഖലയുടെ വൈവിധ്യവൽകരണം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചതിനെറ ഫലമായാണ് നേട്ടം കൈവരിച്ചത്. ഒരു വർഷക്കാലത്ത് ഇറക്കുമതി മേഖലയിൽ 19ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇത് 136ബില്യൻ ദിർഹം വരും. അതോടൊപ്പം പുനർകയറ്റുമതി 11ശതമാനം വളർച്ച കൈവരിച്ചതായും അബൂദബി കസ്റ്റംസ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു.
ബേസ് മെറ്റലിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും വ്യാപാരത്തിന്റെ മൂല്യം 11 ശതമാനം ഉയർന്ന് 53.1 ബില്യൻ ദിർഹമായിട്ടുണ്ട്. മെഷിനറി, സൗണ്ട്, ഇമേജ് റെക്കോർഡിങ്, പ്ലേബാക്ക് ഉപകരണങ്ങൾ എന്നിവയുടെ വ്യാപാരം 16 ശതമാനം വർധിച്ച് 44.7 ബില്യൺ ദിർഹമുമായി. ഗതാഗത ഉപകരണങ്ങൾ, മുത്ത്, വിലയേറിയ കല്ലുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാരവും എമിറേറ്റിലെ മൊത്തത്തിലുള്ള വാണിജ്യത്തെ ഉത്തേജിപ്പിച്ചവയിൽ ഉൾപ്പെടും.
എല്ലാ മേഖലയും അബൂദബി കൈവരിച്ച മുന്നേറ്റത്തെയാണ് വളർച്ചാ നിരക്ക് അടയാളപ്പെടുത്തുന്നതെന്ന് അബൂദബി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ റാശിദ് അൽ മൻസൂരി പറഞ്ഞു. തുറന്ന ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതുവഴി രാജ്യത്തിന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിനും യു.എ.ഇ സർക്കാർ സ്വീകരിച്ച നയങ്ങൾ, തീരുമാനങ്ങൾ, തന്ത്രപരമായ സംരംഭങ്ങൾ എന്നിവയിലൂടെയാണിത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി സമ്പദ്വ്യവസ്ഥ കഴിഞ്ഞ വർഷം 3.1 ശതമാനമാണ് വളർന്നത്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. എണ്ണ ഇതര മേഖലയുടെ വിപുലീകരണമാണിതിൽ വലിയ സംഭാവന ചെയ്തത്. ഡിസംബർ അവസാനം വരെയുള്ള 12 മാസത്തെ എമിറേറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം 1.14 ട്രില്യൺ ദിർഹമാണ്. വിവിധ വെല്ലുവിളികളും ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളും എല്ലാ മേഖലകളെയും ബാധിച്ചിട്ടും 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെക്കാൻ സാധിച്ചതെന്നും അബൂദബി മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
2022ൽ, സമ്പദ്വ്യവസ്ഥയിലേക്ക് എണ്ണയിതര വ്യാപാര മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനായി എമിറേറ്റ് വ്യാവസായിക നയം രൂപീകരിച്ചിരുന്നു. ഇതനുസരിച്ച് ആറ് പദ്ധതികളിലായി 10 ബില്യൺ ദിർഹം നിക്ഷേപിച്ച് 2031 ഓടെ എമിറേറ്റിന്റെ ഉൽപ്പാദനത്തെ ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2030ഓടെ അബൂദബിയുടെ മൊത്തത്തിലുള്ള ജി.ഡി.പിയിൽ എണ്ണയിതര മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനായി അബൂദബി വിനോദസഞ്ചാരത്തിലും വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പുതിയ ടൂറിസം നയത്തിന്റെ ഭാഗമായി 10 ബില്യൺ ഡോളറിലധികം ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി എമിറേറ്റ്സ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പ് ചെയർമാൻ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.