അബൂദബി: ശക്തി തിയറ്റേഴ്സ് പ്രവർത്തകർ ആഗസ്റ്റ് 27ന് രാവിലെ 10ന് പൊന്നാനിയിൽ ഒത്തുകൂടും. 44 വർഷം പിന്നിടുന്ന ശക്തിയുടെ ആദ്യകാല പ്രവർത്തകരും നിലവിലെ പ്രവർത്തകരും പങ്കെടുക്കും. 37ാമത് അബൂദബി ശക്തി അവാർഡ് സമർപ്പണത്തിന്റെ ഭാഗമായാണ് സംഗമം.പരിപാടിയുടെ നടത്തിപ്പിനായി പി. നന്ദകുമാർ എം.എൽ.എ. ചെയർമാനായും സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചിരുന്നു.
യോഗം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി മാസ് കമ്യൂണിറ്റി ഹാളിലെ പ്രധാന വേദിയിൽ 27ന് വൈകീട്ട് മൂന്നിനു സംഘടിപ്പിക്കുന്ന അവാർഡ് സമർപ്പണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ചെറുകഥാകൃത്ത് ടി. പത്മനാഭൻ തുടങ്ങി നിരവധിപേർ സംബന്ധിക്കും.
കവിത, കഥ, നോവൽ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം, നിരൂപണം, ഇതരസാഹിത്യം തുടങ്ങിയ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 പേരുടെ കൃതികൾക്കാണ് അവാർഡ് നൽകുന്നത്.അടൂർ ഗോപാലകൃഷ്ണന് സമഗ്രസംഭാവനക്കുള്ള ശക്തി ടി.കെ. രാമകൃഷ്ണൻ പുരസ്കാരം നൽകി ആദരിക്കുമെന്ന് ശക്തി തിയറ്റേഴ്സ് ആക്ടിങ് ജനറൽ സെക്രട്ടറി ഹാരിസ് സി.എം.പി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.