അബൂദബി: നക്ഷത്രങ്ങളുടെ ഭ്രമണത്തെ കുറിച്ച് നിലവിലുള്ള ശാസ്ത്ര ധാരണകളെ തിരുത്തി ന്യൂയോർക്ക് സർവകലാശാല അബൂദബിയിലെ ജ്യോതിശാസ്ത്രജ്ഞർ. സൂര്യസമാന നക്ഷത്രങ്ങൾ വിദൂര ബഹിരാകാശ മേഖലകളെ അപേക്ഷിച്ച് ഭൂപരിധിയിൽ രണ്ടര ഇരട്ടി വേഗതയിൽ ഭ്രമണം ചെയ്യുന്നുവെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നക്ഷത്രങ്ങൾ വിദൂര ബഹിരാകാശ മേഖലകളെ അപേക്ഷിച്ച് ഭൂപരിധിയിൽ കൂടുതൽ വേഗതയോടെ കറങ്ങുന്നു എന്നല്ലാതെ അവയുടെ ഭ്രമണക്രമത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ഇതുവരെ അറിവുണ്ടായിരുന്നില്ല.
നാസയുടെ കെപ്ലർ ദൗത്യത്തിൽനിന്നുള്ള നിരീക്ഷണങ്ങളും നക്ഷത്രങ്ങൾക്കകത്ത് ശബ്ദ തരംഗങ്ങൾ സഞ്ചരിക്കുന്നതിനെ കുറിച്ചുള്ള പഠനമായ ആസ്റ്റീരിയോസീസ്മോളജിയിൽനിന്നുള്ള വിവരങ്ങളും അവലോകനം ചെയ്താണ് എൻ.വൈ.യു അബൂദബി ബഹിരാകാശ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ സൂര്യസമാന നക്ഷത്രങ്ങളുടെ ഭ്രമണം കൃത്യമായി കണക്കാക്കിയത്. പിണ്ഡത്തിലും കാലപ്പഴക്കത്തിലും സൂര്യന് സമാനമായ സവിശേഷതകൾ തന്നെയാണ് സൂര്യസമാന നക്ഷത്രങ്ങൾക്കൂമെന്ന് പഠനം വ്യക്തമാക്കുന്നു. അതേസമയം, വിദൂര, മധ്യദൂര ബഹിരാകാശ മേഖലകളെ അപേക്ഷിച്ച് ഭൂപരിധിയിൽ സൂര്യൻ പത്ത് ശതമാനം കൂടുതൽ വേഗത്തിലാണ് കറങ്ങുന്നതെങ്കിൽ സൂര്യസമാന നക്ഷത്രങ്ങൾ രണ്ടര ഇരട്ടി വേഗത്തിലാണ്.
പുതിയ കണ്ടെത്തൽ അപ്രതീക്ഷിതമാണെന്നും ഇതുപോലുള്ള നക്ഷത്രങ്ങൾക്ക് ഇത്ര വേഗവ്യത്യാസത്തോടെ കറങ്ങാൻ കഴിയില്ലെന്ന നിലവിലുള്ള കണക്കുകൂട്ടലുകളെ വെല്ലുവിളിക്കുന്നതുമാണെന്ന് പഠനത്തിന് നേതൃത്വം വഹിച്ച എൻ.വൈ.യു അബൂദബി ബഹിരാകാശ കേന്ദ്രം റിസർച്ച് അസോസിയേറ്റ് ഉസ്മാൻ ബിൻ ഉമർ പറഞ്ഞു. പഠനം സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭ്രമണത്തിലെ വ്യത്യാസത്തെ കുറിച്ചുള്ള അറിവ് നക്ഷത്രം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചുള്ള സമ്പൂർണ ജ്ഞാനം ലഭ്യമാക്കുന്നുവെന്ന എന്ന പ്രാധാന്യം മാത്രമല്ല, അവയുടെ കാന്തിക മണ്ഡലങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ രൂപപ്പെടുത്താനും സഹായിക്കുമെന്ന് എൻ.വൈ.യു അബൂദബി ബഹിരാകാശ കേന്ദ്രം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ കാെട്ടപ്പള്ളി ശ്രീനിവാസൻ പറഞ്ഞു. സൂര്യെൻറ കാന്തിക മണ്ഡലങ്ങൾ കൃത്രിമോപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ പതിവായി തടസ്സങ്ങൾ സൃഷ്ടിക്കുന്ന വലിയ സൗരവാതങ്ങൾക്ക് കാരണമാകുന്നുവെന്നും ഭൂമിയിലെ പവർ ഗ്രിഡുകളുടെ പ്രവർത്തനം താറുമാറാക്കുന്നുവെന്നും തെളിയിക്കപ്പെട്ട കാര്യമാണ്. സൂര്യെൻറ ഭ്രമണം സൗര കാന്തികമണ്ഡലം സൃഷ്ടിക്കപ്പെടുന്നതിൽ പ്രധാന കാരണമാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ അംഗീകരിക്കുേമ്പാഴും ഇതിെൻറ കൃത്യമായ വിശദാംശങ്ങൾ നീഗൂഢമായി തുടരുകയാണ്.
നക്ഷത്രങ്ങൾ എങ്ങനെ ഭ്രമണം ചെയ്യുന്നുവെന്നും അവയുടെ കാന്തികമണ്ഡലം എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്നും വിശദമായി പഠിച്ചാൽ സൂര്യെൻറ കാന്തിക മണ്ഡലം സൃഷ്ടിക്കപ്പെടുന്നതിനുള്ള സോളാർ ഭൗതിക പ്രക്രിയയായ ‘സോളാർ ഡൈനാമോ’യെ കുറിച്ച് ആഴത്തിലുള്ള ധാരണകൾ ലഭിക്കുമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.