അബൂദബി: ഡിസംബർ 11ന് നടക്കേണ്ട അഡ്‌നോക് അബൂദബി മാരത്തൺ 2021ലേക്ക് മാറ്റിയതായി അബൂദബി സ്പോർട്സ് കൗൺസിൽ അറിയിച്ചു. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ലോകമെമ്പാടുനിന്നുള്ള കായികതാരങ്ങൾക്ക് സ്വന്തം രാജ്യങ്ങളിൽനിന്ന് അബൂദബിയിലെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് മാരത്തൺ മാറ്റിയത്.
റണ്ണേഴ്‌സ്, പങ്കാളികൾ, സന്നദ്ധപ്രവർത്തകർ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവരുടെ ആരോഗ്യസുരക്ഷ സംരക്ഷിക്കുന്നതിന് ഈ നടപടി സഹായിക്കും. സർക്കാർ ഏജൻസികളും സംഘാടകരും സംയുക്തമായി നടത്തിയ ഏകോപന യോഗത്തിന് ശേഷമാണ് മൂന്നാമത് അഡ്‌നോക് അബൂദബി മാരത്തൺ മാറ്റിവെച്ചതായി അറിയിച്ചതെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനി വെളിപ്പെടുത്തി.
അബൂദബി സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായികയിനമാണ് അഡ്‌നോക് അബൂദബി മാരത്തൺ. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് കായിക താരങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമായും സുരക്ഷിത സാഹചര്യങ്ങളിൽ പരിപാടി സംഘടിപ്പിക്കാനാണ് കൗൺസിൽ ആഗ്രഹിക്കുന്നത്. അടുത്ത വർഷം അനുയോജ്യമായ തീയതി പിന്നീട് പ്രഖ്യാപിക്കും. രജിസ്റ്റർ ചെയ്ത എല്ലാ അന്താരാഷ്ട്ര റണ്ണേഴ്‌സിനും ഇവൻറുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ ഇ-മെയിൽ വഴി അയക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.