ദുബൈ: ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ തകർന്ന ഫലസ്തീനിലെ അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് 1.5 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് യു.എ.ഇ. ഫലസ്തീനിലും ജെനിൻ അഭയാർഥി ക്യാമ്പിലും ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയെന്ന നിലയിലാണ് ധനസഹായം നൽകുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് പറഞ്ഞു.
യു.എൻ റിലീഫ് ആൻഡ് വർക് ഏജൻസി (യു.എൻ.ആർ.ഡബ്ല്യൂ.എ) കമീഷണർ ജനറൽ ഫിലിപ് ലസാറിനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധനസഹായം വാഗ്ദാനം ചെയ്തത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശ പ്രകാരമായിരുന്നു നടപടി. ജെനിൻ അഭയാർഥി ക്യാമ്പിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കും.
പ്രദേശത്ത് യു.എൻ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് അബ്ദുള്ള ഫോൺ സംഭാഷണത്തിൽ ഫിലിപ് ലസാറിനിയെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.