കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് അജ്മാനിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മികച്ച കുതിപ്പ് രേഖപ്പെടുത്തി. 2022ൽ അജ്മാനിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വലിയ തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മറ്റു എമിറേറ്റുകളില്‍ നിന്ന് അജ്മാനിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതകളെല്ലാം നവീകരിക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചു. ശൈഖ് അമ്മാര്‍ സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഗതാഗതം സുഗമമാക്കുന്നതിന് വലിയ പാലങ്ങളടക്കമുള്ള സഞ്ചാര മാര്‍ഗ്ഗങ്ങളുടെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അല്‍ ഇത്തിഹാദ് റോഡില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ എമിറേറ്റിലെ വലിയ ഗതാഗതക്കുരുക്കിന് ഏറെ ശമാനമാകും.
7.16 കോടി ദിര്‍ഹം ചിലവഴിച്ചാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഏകദേശം 16,000 വാഹനങ്ങള്‍ക്ക് കടന്നു പോകാൻ സൗകര്യം ഉണ്ടായിരിക്കും. അതോടൊപ്പം യാത്രാ ദൈര്‍ഘ്യം പകുതിയായി കുറയുമെന്നുമാണ് അജ്മാന് നഗരസഭ കണക്കാക്കുന്നത്. ഈ മേഖലകളിലെ അടിസ്ഥാന വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ താമസക്കാരുടെയും സന്ദര്‍ശകരുടെയും വലിയ ഒഴുക്ക് തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അജ്മാന് പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ താമസക്കാരെ ഏറെ ആകര്‍ഷിക്കുന്നതിന് സഹായകമാണ്.
പൊതു-സ്വകാര്യ മേഖലകൾ തമ്മിലെ പങ്കാളിത്തത്തിലൂടെ സുപ്രധാന സർക്കാർ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് അജ്മാന് ഭരണാധികാരി അംഗീകാരം നല്‍കിയത് വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നതിന് എമിറേറ്റിനെ സാക്ഷിയാക്കും. എമിറേറ്റിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നൽകിക്കൊണ്ട് എല്ലാ മേഖലകളിലും ദേശീയ, പ്രാദേശിക, അന്തർദേശീയ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നതാണ് ഇത് മൂലം പ്രതീക്ഷിക്കുന്നത്. തന്ത്രപ്രധാനമായ പദ്ധതികൾ പൂർണ്ണമായി നടപ്പിലാക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുബജറ്റിലെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനും സുസ്ഥിര സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും ഇതുവഴി കഴിയുമെന്നാണ് കണക്കാക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടുത്തിടെ രേഖപ്പെടുത്തിയ മികച്ച നേട്ടം അജ്മാനിലെ നിര്‍മ്മാണ മേഖലക്കും വലിയ കരുത്ത് നല്‍കുന്നുണ്ട്. നിരവധി വന്‍കിട നിക്ഷേപകരാണ് അജ്മാനിലെ നിര്‍മ്മാണ മേഖലയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ ഇപ്പോള്‍ മുന്നോട്ട് വരുന്നത്. നിര്‍മ്മാണ മേഖലയില്‍ ലൈസന്‍സ് നേടുന്നവരുടെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് കണ്ടുവരുന്നത്. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്കുന്ന മേഖലയായി അജ്മാനിലെ റിയല്‍ എസ്റ്റേറ്റ് മേഖല വളരുന്നത് നിര്‍മ്മാണ മേഖലക്കും ഏറെ ആശ്വാസം പകരുന്നതായാണ് വിലയിരുത്തൽ. നിര്‍മ്മാണ മേഖലയിലെ ഈ കുതിപ്പ് വിദേശ നിക്ഷേപകരടക്കമുള്ളവരെ കൂടുതലായി ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് ഇടയാക്കുന്നുണ്ട്. അഗ്നി ശമന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ ഫലപ്രദമാകുന്നതിനാല് തീപിടുത്തം മൂലമുള്ള നാശനഷ്ടങ്ങള്‍ ഏതാനും വര്‍ഷങ്ങളായി വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
താമസക്കാര്‍ക്ക് ഏറെ ഫലപ്രദമായ രീതിയില്‍ വിവിധ മേഖലകളിലായി 15ഓളം വിനോദ ഉദ്യാനങ്ങളാണ് നഗരസഭയുടെ മേല്‍നോട്ടത്തില്‍ ഈയിടെ പൂര്‍ത്തീകരിച്ചത്. അജ്മാനിലെ അടിസ്ഥാന വികസന മേഖലയിലെ പുരോഗതി റിയല്‍ എസ്റ്റേറ്റ് മേഖലക്ക് പുത്തനുണര്‍വ്വാണ് നല്‍കിയത്. 292 കോടി ദിർഹത്തിന്റെ മുല്യമുള്ള ബജറ്റിനാണ് അജ്മാന് ഭരണാധികാരിയായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഈ വര്‍ഷം അംഗീകാരം നല്‍കിയത്. എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റായി കണക്കാക്കപ്പെടുന്ന ഈ ബജറ്റ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.