സ്ത്രീകളുടെ ലേബർ ക്യാമ്പിൽ അക്കാഫിന്റെ നേതൃത്വത്തിൽ നടത്തിയ പെരുന്നാൾ സമ്മാന വിതരണം
ദുബൈ: പെരുന്നാൾ ദിനത്തിൽ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങളും സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകർ ലേബർ ക്യാമ്പിൽ. ദുബൈയിലെ സോനാപൂരിലെ വനിതകൾ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെ ‘ഈദിയ ബൈ അക്കാഫ്’ എന്ന പേരിൽ പെരുന്നാൾ സമ്മാനങ്ങളുമായി അക്കാഫ് അസോസിയേഷൻ പ്രവർത്തകർ പെരുന്നാളിന്റെ സ്നേഹം പങ്കിടാൻ എത്തിയത്.
ഈദുൽ ഫിത്വർ ദിനത്തിലും പിറ്റേന്നുമാണ് അക്കാഫ് അംഗങ്ങൾ പരിപാടി നടത്തിയത്. പുതുവസ്ത്രങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളും സ്ത്രീകൾക്കാവശ്യമായ സൗന്ദര്യവർധക വസ്തുക്കളും കുട്ടികൾക്കുള്ള കളിക്കോപ്പുകളും കളിപ്പാട്ടങ്ങളുമാണ് വിതരണം ചെയ്തത്.
തൊഴിലാളികൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാൻ സാധിക്കുന്നതരത്തിൽ ക്യാമ്പിനകത്ത് സൂപ്പർമാർക്കറ്റ് പോലെ വിവിധ ഉൽപന്നങ്ങൾ നിരത്തിവെക്കുകയായിരുന്നു. ഒരാൾക്ക് പതിനഞ്ചോളം സാധനങ്ങളാണ് ലഭിച്ചത്.
മാനവികതയുടെ മഹത്വം ഉൾക്കൊണ്ട്, സാമൂഹിക ബാധ്യതകൾ നിറവേറ്റാനുളള അക്കാഫ് അസോസിയേഷന്റെ ഈ പ്രവർത്തനം അന്യദേശത്ത് കഠിന ജീവിതം നയിക്കുന്ന സ്ത്രീ തൊഴിലാളികളിൽ സഹോദര്യത്തിന്റെ ചൂടും സ്നേഹത്തിന്റെയും ആത്മസാന്ത്വനത്തിന്റെയും മാധുര്യവും പകരുന്നതാണെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസുൽ പ്രബിത്ര മജുംദാർ അഭിപ്രായപ്പെട്ടു. സാമൂഹിക സേവനത്തിൽ എന്നും മുന്നിട്ടുനിൽക്കുന്ന അക്കാഫിന്റെ ശ്രമം ഒരു മാതൃകയാണെന്ന് വൈസ് കോൺസുൽ (ലേബർ) ദീപക് ഡാഗർ അഭിപ്രായപ്പെട്ടു.
ഏകദേശം മൂവായിരത്തോളം സ്ത്രീ തൊഴിലാളികളിലേക്ക് സമ്മാനങ്ങൾ എത്തിക്കാൻ സാധിച്ചതായി അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പ്രസിഡന്റ് പോൾ ടി ജോസഫ് പറഞ്ഞു. സമൂഹത്തിൽ മാനവികതയുടെയും പരസ്പരസഹായത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുവാനാണ് അക്കാഫ് അസോസിയേഷൻ ഇത്തരത്തിലൊരു പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതെന്ന് അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദീപു എ.എസ്, അഭിപ്രായപ്പെട്ടു.
ട്രഷറർ നൗഷാദ് മുഹമ്മദ്, ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ, വിവിധ കോളജ് അലുമ്നി അംഗങ്ങൾ എന്നിവർ ഈദിയ ബൈ അക്കാഫിന് നേതൃത്വം നൽകി.ലേബർ ക്യാമ്പിൽ പെരുന്നാൾ സമ്മാനവുമായി അക്കാഫ് അസോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.