അൽഐൻ: അൽ ഐൻ മലയാളി സമാജത്തിന്റെ ഉത്സവം, എക്സ്പ്രഷൻസ് എന്നീ പരിപാടികൾ നവംബർ 15, 16, 17, 22 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവംബർ 15ന് വൈകീട്ട് ഏഴു മണിക്ക് ഇന്ത്യൻ സോഷ്യൽ സെന്ററിലാണ് ‘ഉത്സവം’ അരങ്ങേറുന്നത്.
സിനിമാറ്റിക് ഡ്രാമ, നൃത്ത-നൃത്യങ്ങൾ, ചെണ്ടമേളം ഉൾപ്പെടെ കലാപരിപാടികൾ ഉത്സവത്തിന് മാറ്റുകൂട്ടും. പ്രശസ്ത മോഹിനിയാട്ട നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണന്റെ നൃത്തവും പരിപാടിയുടെ ഭാഗമായി നടക്കും. ഭരതനാട്യ നർത്തകനും കളരി ഗുരുക്കളുമായ സുഭാഷ്, ചലച്ചിത്ര നടൻ സെന്തിൽ കൃഷ്ണ തുടങ്ങിയവർ ഉത്സവത്തിന് ആശംസകൾ നേരും. തട്ടുകടകൾ, ഭക്ഷണശാലകൾ, വിവിധ തരം സ്റ്റാളുകൾ തുടങ്ങിയവ ഉത്സവപ്പറമ്പിന് കൂടുതൽ മിഴിവേകും.
നവംബർ 16, 17, 22 തീയതികളിലാണ് സ്കൂൾ യുവജനോത്സവമായ എക്സ്പ്രഷൻ -2024 നടക്കുക. ഇന്ത്യൻ സോഷ്യൽ സെന്ററിലെ അഞ്ച് വേദികളിലായി നടക്കുന്ന പരിപാടിയിൽ ശാസ്ത്ര-കല-സാഹിത്യ വിജ്ഞാന മത്സരങ്ങൾ സംഘടിപ്പിക്കും. അബൂദബി യൂനിവേഴ്സിറ്റിയാണ് പരിപാടിയുടെ സ്പോൺസർ. യു.എ.ഇയിൽ പഠിക്കുന്ന ഒന്നു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പങ്കെടുക്കാം.
പരിപാടികളുടെ വിജയത്തിനായി എസ്. രാധാകൃഷ്ണൻ (പ്രസിഡന്റ്), ഡോ. സുനീഷ് കൈമല, സന്തോഷ് അഭയൻ (ജന. സെക്രട്ടറി), ഉമർ മംഗലത്ത് (ട്രഷറർ), ബിജിൻ ലാൽ (സാഹിത്യ വിഭാഗം സെക്രട്ടറി), ടിങ്കു പ്രസാദ് (കലാവിഭാഗം സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.