ദുബൈ: യു.എ.ഇയിലെ ഏറ്റവും മികച്ച കോൽക്കളി സംഘത്തെ തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും ദുബൈയിലെ എടരിക്കോട് കോൽക്കളി സംഘം ഒന്നാം സ്ഥാനം നേടി.
ദുബൈ അൽ ഖിസൈസിൽ നടന്ന മീം കൾചറൽ ഫെസ്റ്റിലാണ് വിജയികളെ തിരഞ്ഞെടുത്തത്. ആവേശകരമായ മത്സരത്തിൽ കോൽക്കളിയുടെ ആചാര്യൻ ടി.പി. ആലിക്കുട്ടി ഗുരുക്കളുടെ വരികൾക്കൊത്താണ് എടരിക്കോട് തുടക്കം കുറിച്ചത്.
പരമ്പരാഗത കോൽക്കളി രീതിയിലുള്ള ഒന്നടി രണ്ട്, മുന്നോട്ട് ഒഴിക്കൽ മൂന്ന്, 15 പൂട്ടിൽ ആറ് ഒറ്റ, ഒഴിച്ചെടിമുട്ട് മൂന്ന് തുടങ്ങിയവ ചടുല താളത്തിൽ വേദിയിൽ അവതരിപ്പിച്ചാണ് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലമായി യു.എ.ഇയിൽ മാപ്പിള കലകളിൽ സജീവസാന്നിധ്യമാണ് ഈ സംഘം.
ഇതിനകം 500ലധികം വേദികളിൽ വിവിധ മാപ്പിള കലാരൂപങ്ങൾ അവതരിപ്പിച്ച ടീം ദുബൈയിൽ നടന്ന വേൾഡ് എക്സ്പോ 2020ൽ രണ്ട് തവണയാണ് കളി അവതരിപ്പിച്ചത്. സബീബ് എടരിക്കോട്, വി.കെ. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ഫവാസ്, ശിഹാബ്, ആസിഫ്, നിസാം, ആരിഫ്, മുർഷിദ്, ഷാനിബ്, ഇഹ്സാൻ, അജ്മൽ, ജുനൈദ്, ഫാരിസ്, മഹ്റൂഫ്, ഷംനാദ് എന്നിവരാണ് സംഘത്തിൽ ഉള്ളത്. ടി.പി ആലിക്കുട്ടി ഗുരുക്കളുടെ പ്രധാന ശിഷ്യൻ അസീസ് മണമ്മലാണ് പരിശീലകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.