അബൂദബി: ഭാരത് എന്ന പേരാണ് ഇന്ത്യക്ക് കൂടുതൽ ആധികാരികമെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ദുബൈ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ ‘വൈ ഭാരത് മാറ്റേഴ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സദസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ആദ്യ പുസ്തകത്തിന്റെ പേര് ‘ദി ഇന്ത്യ വേ’ എന്നായിരുന്നുവെന്നും ജയ്ശങ്കർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിലൂടെ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ദുബൈ സിംബയോസിസ് ഇന്റര്‍നാഷനല്‍ യൂനിവേഴ്സിറ്റിയുടെ ഉദ്ഘാടന വേളയില്‍ വിദ്യാർഥികളുമായി സംവദിക്കവേ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ ഊർജം, വ്യാപാരം, ആഗോള ബന്ധം, ഇന്ത്യയുടെ വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ ഗൾഫ് സാമ്പത്തിക രംഗം പ്രത്യേകിച്ച് യു.എ.ഇ ശ്രദ്ധേയമായ മാറ്റങ്ങളുടെ കേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വികസന മേഖലയിൽ യു.എ.ഇയുടെ നിക്ഷേപങ്ങൾ ആഗോള വ്യോമഗതാഗത രംഗത്തെ ബന്ധിപ്പിക്കുന്നതിൽ മികച്ച സ്ഥാനം നേടാന്‍ കാരണമായിട്ടുണ്ട്.
ഊര്‍ജം, വ്യാപാരം, തൊഴില്‍, ഗതാഗതം തുടങ്ങി ഓരോ മേഖലയിലും ഗൾഫ് രംഗം കൂടുതൽ നിര്‍ണായക സ്വാധീന ശക്തിയായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
നൂറിലേറെ ഇന്ത്യന്‍ പാഠ്യപദ്ധതി സ്കൂളുകള്‍ യു.എ.ഇയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യന്‍ കോളജ് വിദ്യാഭ്യാസത്തിന് സിംബയോസിസ് ഇന്റര്‍നാഷനല്‍ യൂനിവേഴ്സിറ്റി പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ 90 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്.
ഇന്ത്യയുടെ 20 മുന്‍നിര വ്യാപാര പങ്കാളികളെ നോക്കിയാൽ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗള്‍ഫ് സാമ്പത്തിക രംഗമായിരിക്കും അതില്‍ മുന്നിട്ടു നില്‍ക്കുകയെന്ന് കാണാനാവും. ഇസ്രായേല്‍-ഫലസ്തീന് വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തോട് ഇന്ത്യ അനുകൂലമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു.
ഇസ്രായേലിനൊപ്പം നിലനിൽക്കുന്ന ഫലസ്തീന് രാഷ്ട്രവും വേണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ അതിവേഗത്തിൽ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ജയ്ശങ്കര് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.