അപേക്ഷ സമർപ്പിക്കാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക
ദുബൈ: യു.എ.ഇയിലെ ഏറ്റവും മികച്ച അലുമ്നികൾക്ക് ആദരമൊരുക്കുന്നതിന്റെ ഭാഗമായി ഗൾഫ് മാധ്യമം ഒരുക്കുന്ന ‘അലുമ്നി ഇംപാക്ട് അവാർഡി’ലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു.
യു.എ.ഇ 2025നെ ‘സാമൂഹിക വർഷ’മായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് ‘കമോൺ കേരള’യുടെ പ്രൗഢ വേദിയിൽ കേരളത്തിൽ നിന്നുള്ള പൂർവ വിദ്യാർഥികളുടെ യു.എ.ഇ കൂട്ടായ്മകൾക്ക് ആദരമൊരുക്കുന്നത്. കുടുംബ സൗഹൃദങ്ങൾ ശക്തമാക്കുന്നതിലും സന്നദ്ധ പ്രവർത്തനമടക്കം സാമൂഹിക ഇടപെടലുകളിലും അലുമ്നികൾ നൽകുന്ന സംഭാവനകളെ ആദരിക്കുകയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്. മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ‘കമോൺ കേരള’ ഏഴാം എഡിഷൻ അരങ്ങേറുന്നത്.
മേളയുടെ വേദിയിൽ പ്രമുഖരുടെ സാന്നിധ്യത്തിലാണ് മികച്ച കോളജ് അലുമ്നിയുടെ പ്രഖ്യാപനവും അവാർഡ്ദാനവും നടക്കുക. യു.എ.ഇയിൽ പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കോളജ് അലുമ്നി അസോസിയേഷനുകളെയാണ് ‘അലുമ്നി ഇംപാക്ട് അവാർഡി’നായി പരിഗണിക്കുക. അവാർഡ് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന കൂട്ടായ്മകൾ ഏപ്രിൽ 10ന് മുമ്പായി അപേക്ഷ നൽകണം. കൂട്ടായ്മയെ കുറിച്ചും വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ കുറിച്ചും പ്രാഥമികമായ വിവരങ്ങൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം.
സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ, കുടുംബ സംഗമങ്ങൾ, കായിക പരിപാടികൾ, പരിസ്ഥിതി-സുസ്ഥിരത എന്നിവക്കായുള്ള പദ്ധതികൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഇടപെടലുകൾ, കോളജിനുവേണ്ടി നടത്തിയ ഇടപെടലുകൾ, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇടപെടലുകളായി പരിഗണിക്കപ്പെടും. പ്രവർത്തനങ്ങൾ യു.എ.ഇയിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടായിരിക്കണം.
അപേക്ഷകരിൽ നിന്ന് ഏറ്റവും മികച്ചുനിൽക്കുന്ന 10 അലുമ്നി അസോസിയേഷനുകളെ അവാർഡിനായുള്ള അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. അന്തിമ പട്ടികയിൽ ഇടംപിടിക്കുന്ന ഈ അസോസിയേഷനുകളെ കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രത്യേക സ്റ്റോറി പ്രസിദ്ധീകരിക്കും. സമൂഹ മാധ്യമങ്ങളിൽ വിഡിയോ സ്റ്റോറി പ്രസിദ്ധീകരിച്ച ശേഷം ഓൺലൈൻ വോട്ടിങ്ങിൽ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകും. വോട്ടിങ്ങിലെ മികവും വിദഗ്ധരടങ്ങുന്ന പാനലിന്റെ അഭിപ്രായവും കൂടി പരിഗണിച്ചാണ് ജേതാവിനെ തിരഞ്ഞെടുക്കുക. അപേക്ഷാ ലിങ്ക്: https://forms.gle/VrM834czn4ZgQyw97
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.