അബൂദബി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അബൂദബിയിലെത്തി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രത്യേക സന്ദർശനത്തിന്റെ ഭാഗമായാണ് യു.എസ് സംഘം അബൂദബിയിൽ എത്തിയത്. പ്രധാനമായും ഗസ്സ-ഇസ്രായേൽ യുദ്ധമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്.
മേഖലയിലെ സംഘർഷാന്തരീക്ഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനും ഗസ്സയിലെ മാനുഷിക പ്രതിസന്ധിയെ മറികടക്കുന്നതിനുമുള്ള വഴികളാണ് സംസാരിച്ചതെന്ന് ബ്ലിങ്കൻ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ സംഭാഷണത്തിൽ ആവർത്തിച്ച് വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അബൂദബി ശാത്വി കൊട്ടാരത്തിലാണ് കൂടിക്കാഴ്ച നടന്നത്.
ഗസ്സയിൽ വെടിനിർത്തൽ കൊണ്ടുവരാനും ജീവകാരുണ്യപരമായ സഹായം എത്തിക്കാനും അടിയന്തര ശ്രമം വേണമെന്ന് പറഞ്ഞ ശൈഖ് മുഹമ്മദ്, ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തടയണമെന്നും ആവശ്യപ്പെട്ടതായി യു.എ.ഇ വാർത്ത ഏജൻസി വെളിപ്പെടുത്തി. അബൂദബിയിൽനിന്ന് സൗദി സന്ദർശനത്തിന് പോകുന്ന ബ്ലിങ്കൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേലിലേക്കും ചർച്ചകൾക്കായി തിരിക്കും.
കഴിഞ്ഞ ഒക്ടോബറിൽ മേഖലയിൽ സന്ദർശനം നടത്തിയപ്പോഴും ആന്റണി ബ്ലിങ്കൻ അബൂദബിയിലെത്തി ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിങ്കളാഴ്ചത്തെ ചർച്ചയിൽ അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ സംഘർഷാന്തരീക്ഷവും മറ്റു വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളും ചർച്ചയായി.
മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന സംഘർഷം രൂക്ഷമാകാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞ ചർച്ചയിൽ, സമഗ്രവും ശാശ്വതവുമായ സമാധാനത്തിനുള്ള വഴികളെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു. അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേശഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരടക്കം പ്രമുഖർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.