ദുബൈ: വിദേശ രാജ്യങ്ങളിലെ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ 'ആശ്രയ'ത്തിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി 'കനകോത്സവം: നാടിന്റെ ഉണർവ്' എന്ന പേരിൽ കുടുംബ സംഗമവും വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. മാർച്ച് 27ന് അജ്മാൻ റിയൽ സെന്ററിലാണ് പരിപാടി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ ആന്റണി ജോൺ, മൂവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടൻ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 11ന് വനിത സംഗമത്തോടെയാണ് പരിപാടി തുടങ്ങുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ കോവിഡ് പോരാളികളെ ആദരിക്കും. പത്തോളം ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരവും യൂസഫ് കാരക്കാട്ടും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും സംഘടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്ക് സഹായമെത്തിക്കാൻ 'ആശ്രയം' പ്രവർത്തിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാട്ടുകാരായ രോഗികൾക്ക് ചികിത്സ സഹായം, വിദ്യാർഥികൾക്ക് പഠനസഹായം, നിർധനർക്ക് പ്രത്യേക പരിപാലനം, തൊഴിൽ നഷ്ടപ്പെട്ടവർക്ക് നാട്ടിലും വിദേശ രാജ്യങ്ങളിലും തൊഴിൽ ലഭ്യമാക്കുന്നതിനും സ്വയം തൊഴിൽ തുടങ്ങുന്നതിനും വേണ്ടിയുള്ള സാമ്പത്തിക സങ്കേതിക സഹായങ്ങൾ തുടങ്ങിയവ സംഘടന നടപ്പാക്കി. കല, സാഹിത്യം, വ്യവസായം, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിത്വങ്ങളെ വളർത്താനും ആദരിക്കാനും ആശ്രയം മുന്നിൽ നിന്നിട്ടുണ്ട്. 200 ലധികം കിടക്കകളുള്ള മൂവാറ്റുപുഴ കോഓപറേറ്റിവ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ യാഥാർഥ്യമായത് ആശ്രയത്തിന്റെ പിന്തുണയോടെയാണ്. നാട്ടിലെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞു. സഹകരണമേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് മികച്ച വികസന മാതൃകകൾ നാടിന് സമർപ്പിക്കുകയെന്നതാണ് ലക്ഷ്യം. പീസ് വാലി കോതമംഗലം പോലെ പ്രവർത്തിക്കുന്ന സംഘടനകളുമായി കൈകോർത്ത് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കും. രജത ജൂബിലിയോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ പ്രവർത്തന മൂലധനവുമായി ആശ്രയം ട്രസ്റ്റ് രൂപവത്കരിക്കുമെന്നും അവർ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ ആശ്രയം രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ, ഒമർ അലി, പ്രസിഡന്റ് റഷീദ് കോട്ടയിൽ, സെക്രട്ടറി സുനിൽ പോൾ, കനകോത്സവം കൺവീനർ അനുര മത്തായി, ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ, സ്പോർട്സ് കമ്മിറ്റി കൺവീനർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.