ദുബൈ: ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളും ഡിസൈനർമാരും പങ്കെടുക്കുന്ന മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ അന്താരാഷ്ട്ര വാണിജ്യ പ്രദർശനമായ ഓട്ടോമെക്കാനിക്കയുടെ 20ാമത് എഡിഷൻ ഈ മാസം രണ്ടു മുതൽ നാലു വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
45,000 സന്ദർശകരെ പ്രതീക്ഷിക്കുന്ന പ്രദർശനത്തിൽ 61 രാജ്യങ്ങളിൽ നിന്നുള്ള 1938 പ്രദർശകരാണ് പങ്കെടുക്കുന്നത്. മൂന്നു ദിവസമായി നടക്കുന്ന പ്രദർശനത്തിന്റെ ഭാഗമായുള്ള ഓട്ടോമെക്കാനിക്ക ദുബൈ പുരസ്കാരത്തിന് റെക്കോഡ് എൻട്രികൾ ലഭിച്ചതായി അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്നുള്ള 399 എൻട്രികളാണ് ഇതുവരെ സമർപ്പിക്കപ്പെട്ടത്. ഇതിൽനിന്ന് ഫൈനലിസ്റ്റുകളായി 30 എൻട്രികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാഹന നിർമാണ മേഖലയിലെ പ്രമുഖർ ജഡ്ജിമാരായുള്ള പാനലാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
ഓട്ടോമോട്ടിവ് രംഗത്തെ നൂതനവും മികച്ചതുമായ ആശയങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഓട്ടോമെക്കാനിക്ക ദുബൈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.ഒക്ടോബർ മൂന്നിന് അവാർഡ് പ്രഖ്യാപിക്കും. ഓട്ടോമോട്ടിവ് മേഖലയിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനുള്ള മെന മേഖലയിലെ ആദ്യത്തെ പ്ലാറ്റ്ഫോം എന്ന നിലയിലാണ് അവാർഡ് പരിഗണിക്കുന്നത്. അടുത്തിടെ ഈ മേഖലയിൽ നടന്ന നൂതനമായ ആശയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ‘നമ്മുടെ പുതിയ സ്റ്റാർട്ടപ്’ എന്ന വിഭാഗം.
മേഖലയിലെ വനിതകളുടെ ആശയങ്ങളെ അംഗീകരിക്കുന്നതാണ് ‘വിമൻ ഇൻ ഓട്ടോമോട്ടിവ്’ വിഭാഗം. ഡിജിറ്റൽ വിഭാഗത്തിൽ മൂന്നു ഫൈനലിസ്റ്റുകളെയും തിരഞ്ഞെടുത്തിട്ടുണ്ട്.
സന്ദർശനത്തിനായി https://automechanika-dubai.ae.messefrankfurt.com ൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.