ഷാർജ: കൊടുംവേനലിൽനിന്ന് രാജ്യത്തെ തണുപ്പിലേക്ക് കൊണ്ടുപോകാൻ ശരത്കാലമെത്തി. അലസിപ്പൂമരങ്ങൾ ഇലപൊഴിച്ചും ഗാഫ് മരങ്ങൾ മുടി അഴിച്ചും മരുഭൂമി മഞ്ഞുടയാട ചുറ്റിയും ശരത് കാലത്തെ സൽക്കരിക്കാൻ തയാറായി. മരുഭൂമിയും മസറകളും തമ്പിനുള്ളിൽ ആഹ്ലാദിക്കാനും കമ്പിൽ കോർത്ത് ഇറച്ചി ചുടാനും രാവിനെ പകലാക്കുന്ന കാലം കൂടിയാണിത്.
സ്വദേശികൾ ആഡംബര വീടുകൾ വിട്ട് മരുഭൂമിയുടെ ആഴങ്ങളിലേക്ക് പൈതൃകത്തിെൻറ രസതന്ത്രം ചികഞ്ഞിറങ്ങും. ഗാഫിനെ മേൽക്കൂരയാക്കി കൂടാരങ്ങൾ പണിയും. ബദുക്കൾ വളർത്തുമൃഗങ്ങളുമായാണ് മരുഭൂമിയിൽ രാപ്പാർക്കാനെത്തുക. ക്ഷീര, കാർഷിക മേഖലയെ അകറ്റിനിർത്തി തനിച്ച് സഞ്ചരിക്കാൻ ബദുക്കൾക്കാവില്ല. സന്ധ്യ മയങ്ങുന്നതോടെ മഞ്ഞലകൾ കുളിരു കോരാൻ തുടങ്ങും.
ഹജർ പർവതനിരകൾ ഉൾപ്പെടെയുള്ള ഉയരങ്ങളെല്ലാം മഞ്ഞിൽ മറയും. പുകപടലങ്ങൾ വിഴുങ്ങിയ പാതകളിലൂടെ നീങ്ങാനാകാതെ വാഹനങ്ങൾ കിതക്കും. അമിത വേഗം മാത്രം ശീലിച്ച യാത്രക്കാർ മിതമായ വേഗത്തിെൻറ സുഖമറിയും. കടലിെൻറ നീലിമയും തിരകളുടെ ധവളിമയും മഞ്ഞിലലിയും. ഖരീഫ് വിളകൾ കൊയ്ത്തരിവാളിെൻറ പാട്ടിന് കാതോർക്കും. പക്ഷികളുടെ പാട്ടും മൃഗങ്ങളുടെ കൊട്ടും മഞ്ഞിനുള്ളിൽ നിന്നു തല പുറത്തേക്കിട്ട് നോക്കും.
ശരത്കാലം ആസ്വാദ്യകരവും അനുഭൂതി നിറഞ്ഞതുമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും യാത്രക്കാർ ഏറെ ജാഗ്രത പാലിക്കേണ്ട കാലമാണ്. സന്ധ്യ മുതൽ പുലരി വരെ റോഡുകളെ മഞ്ഞുപടലങ്ങൾ പുകയായി വന്ന് വീഴുങ്ങിക്കളയും. നിരവധി അപകടങ്ങൾക്കാണ് ശരത്കാലം സാക്ഷ്യം വഹിച്ചിട്ടുള്ളത്.
ദുബൈ, അബൂദബി അതിർത്തിയിലെ ഗാൻതൂത് മേഖലയിൽ പോയ ശരത്കാലങ്ങളിൽ നടന്ന വാഹന അപകടങ്ങളിൽ അനവധി വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കിയും ചെയ്തിരുന്നു.
ഒന്നിനു പിറകിൽ ഒന്നായി വാഹനങ്ങൾ വന്നിടിച്ച് മറിഞ്ഞ് നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. യു.എ.ഇയിലെ ഒട്ടുമിക്ക ദീർഘദൂര റോഡുകളും കടന്നുപോകുന്നത് മരുഭൂമിയുടെ വിജനതയിലൂടെയാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിലും പുലർച്ചയും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. കോവിഡ് നിയമങ്ങൾ കൃത്യമായി പാലിച്ചുവേണം പുറത്തിറങ്ങാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.