അബൂദബി: 2021നെ അപേക്ഷിച്ച് 2022ല്‍ തൊഴില്‍ തര്‍ക്കങ്ങളില്‍ 40 ശതമാനം കുറവ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ നിര്‍ദേശപ്രകാരം നടത്തിയ ബോധവത്കരണ ഫലമായാണ് ഈ നേട്ടം സാധ്യമായതെന്ന് അബൂദബി ജൂഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സയീദ് പറഞ്ഞു.
തൊഴിലിടങ്ങളില്‍ എത്തി വകുപ്പ് അധികൃതര്‍ ബോധവത്കരണം നടത്തിയിരുന്നു. അറബിക്, ഇംഗ്ലീഷ്, ഉര്‍ദു, പഷ്തു, ബംഗാളി ഭാഷകളിലായിരുന്നു ബോധവത്കരണം. തൊഴിലുടമയുമായുള്ള കരാര്‍ നടപടികള്‍, പരാതികള്‍ സമര്‍പ്പിക്കേണ്ട രീതി, തൊഴില്‍ കരാര്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ലഭിക്കേണ്ട അവകാശങ്ങള്‍ നേടാനുള്ള മാര്‍ഗം, പിരിച്ചുവിടല്‍ നടപടികള്‍ തുടങ്ങിയവ സംബന്ധിച്ചാണ് ബോധവത്കരണം നടത്തിയത്.
തൊഴിലിടങ്ങളില്‍ അര്‍ഹമായ പരിഗണനയും അവകാശങ്ങളും സാധ്യമാക്കുന്ന രീതിയില്‍ യു.എ.ഇ നടപ്പാക്കിവരുന്ന തൊഴില്‍ നിയമങ്ങള്‍ ഗുണകരമാവുന്നു എന്നതിന്റെ തെളിവുകൂടിയാണ് തൊഴില്‍ തര്‍ക്കങ്ങളില്‍ കുറവുണ്ടായിരിക്കുന്നത്. തൊഴിലിടങ്ങളുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ 40,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് കമ്പനികള്‍ക്ക് താക്കീത് നല്കിയ അധികൃതര്‍, തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കി ഒരുവര്‍ഷം കഴിയുമ്പോള്‍, തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും നിയമങ്ങള്‍ കര്‍ക്കശമാക്കുകയാണ്.
തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പുവരുത്തുന്നതിനായി ഒന്നുകില്‍ 30 മാസത്തേക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയോ അല്ലെങ്കില്‍ തൊഴിലാളിയുടെ പേരില്‍ 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കുകയോ വേണമെന്ന് തൊഴില്‍ കോടതി ഉത്തരവിട്ടത് കഴിഞ്ഞദിവസമാണ്. ഏതെങ്കിലും കാരണത്താല്‍ ശമ്പളം കുടിശ്ശികയായാല്‍ ഈ തുക ഉപയോഗിച്ച് ആനുകൂല്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശമ്പള കുടിശ്ശിക സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കുന്നത്.
കെട്ടിവെക്കുന്ന തുകയുടെ കാലയളവ് ഒരുവര്‍ഷമാണ്. ഈ തുക പിന്നീട് സ്വമേധയാ പുതുക്കും. തൊഴിലാളിയുടെ അവസാനത്തെ 120 പ്രവൃത്തിദിനങ്ങളിലെ വേതനവും നാട്ടിലേക്കുള്ള യാത്രാചെലവ്, സേവനാനന്തര ഗ്രാറ്റ്വിറ്റി, തൊഴിലുടമ നടപ്പാക്കുന്നതില്‍ വീഴ്ചവരുന്ന തൊഴിലവകാശങ്ങള്‍ മുതലായവയും ഉള്‍പ്പെടുന്ന ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നു എന്നതും രാജ്യത്ത് ജോലിചെയ്യുന്നവര്‍ക്ക് ആശ്വാസവും ധൈര്യവും നല്കുന്ന ഘടകങ്ങളാണ്.
14,777 തൊഴിലാളികളുടെ 317 ദശലക്ഷം ദിര്‍ഹമിന്റെ തൊഴില്കേസാണ് കഴിഞ്ഞവര്‍ഷം അബൂദബി തൊഴില്‍ കോടതി തീര്‍പ്പാക്കിയത്.
8560 തൊഴിലാളികള്‍ കൂട്ടമായും 6217 തൊഴിലാളികള്‍ വ്യക്തിപരമായും നല്കിയ കേസുകൾ കോടതി തീര്‍പ്പാക്കി. 5832 തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടായിരുന്ന 42.8 ദശലക്ഷം ദിര്‍ഹം വേതന കുടിശ്ശിക നേരത്തെ അബൂദബി തൊഴില്‍ കോടതി ഇടപെട്ട് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.